പീഡന ശ്രമം: ഒളിവിലായിരുന്ന ജ്യോത്സ്യൻ മുരാരി തന്ത്രി അറസ്റ്റിൽ

കൊല്ലം: ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, ഒളിവിലായിരുന്ന ജ്യോത്സ്യൻ മുരാരി തന്ത്രി അറസ്റ്റിൽ. പുത്തൂർ വേണ്ടാർ സ്വദേശി രാജൻ ബാബുവാണ് അറസ്റ്റിലായത്. പൊലിസ് പോക്സോ കേസ് രജിസ്റ്റർചെയ്തതോടെ ഒളിവിൽ പോയ രാജൻ ബാബുവിനെ ഭരണിക്കാവിൽ നിന്ന് പിടികൂടുകയായിരുന്നു.

കഴിഞ്ഞദിവസമായിരുന്നു 16 കാരിയെ ബാധയൊഴിപ്പിക്കാൻ എന്ന വ്യാജേനെ വീടിനുള്ളിൽ വച്ചു കടന്നുപിടിക്കാൻ ശ്രമിച്ചത്. വെണ്ടാർ സ്വദേശിയായ രാജൻ ബാബു മുരാരി തന്ത്രി എന്നാണ് അറിയപ്പെടുന്നത്. ഇന്നലെ രാവിലെ ബാധ ഒഴിപ്പിക്കാനായി അമ്മയോടൊപ്പമാണ് പെൺകുട്ടി മുരാരി തന്ത്രിയുടെ അടുത്തെത്തിയത്. പൂജയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് അമ്മയെ പുറത്തിരുത്തിയ ശേഷം പെൺകുട്ടിയെ ഇയാൾ മുറിക്കുള്ളിലേക്ക് കൊണ്ടുപോയി.

തുടർന്ന് പെൺകുട്ടിയെ ബലമായി കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഭയന്ന പെൺകുട്ടി നിലവിളിച്ചുകൊണ്ട് മുറിക്ക് പുറത്തേക്ക് ഓടി. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രതി തന്റെ വീടിന്റെ പിൻവാതിലിലൂടെ രക്ഷപ്പെട്ടിരുന്നു.