കോൺഗ്രസുകാരനായ ബൈജു കൊട്ടാരക്കര ആദ്യം അറിയപ്പെട്ടിരുന്നത് ശക്തനായ ഒരു സഖാവായാണ്. അത് ശരിയുമായിരുന്നു.
സിപിഐ-ൽ നിന്ന് 2019-ൽ കോൺഗ്രസിലേക്ക് കടന്നുവന്ന ഈ സംവിധായകൻ, കോൺഗ്രസ് വേദികളിൽ മികച്ച പ്രാസംഗികനാണ്. രാഹുൽ ഗാന്ധിക്കൊപ്പം പെരുമ്പാവൂരിൽ വേദി പങ്കിടവേ, ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ട് അണികൾ എഴുന്നേറ്റ് നിന്ന് കൈകൊട്ടി. ആ കൈയ്യടിയിൽ രാഹുൽ ഗാന്ധിയും കൂടി.

പ്രിയങ്ക ഗാന്ധി കൊട്ടാരക്കരയിൽ വന്നപ്പോൾ ആ വേദിയും ബൈജുവിനെ പ്രാസംഗികനായി കൊണ്ടുവന്നു. ഉമ്മൻ ചാണ്ടിയോടൊപ്പം, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, ഫിറോസ്, കെ. ബാബു – ഇവരുടെ വേദികളിലെല്ലാം ഉശിരോടെ അദ്ദേഹം കൂടെയുണ്ടായി. കുറച്ച് തമാശ, കൂടുതൽ ഗൗരവം, അതിലേറെ എതിരാളികളെ വാക്കിൽ അടിച്ചിരുത്താനുള്ള കഴിവ് – ഇതാണ് ‘ബൈജു കൊട്ടാരക്കര സ്റ്റൈൽ.’ പിന്നീട് പേര് വിളിക്കുമ്പോൾ തന്നെ കയ്യടികൾ തുടങ്ങുന്നത് സ്വാഭാവികമായി മാറി.


ചാനൽ ചർച്ചകളിലും ഇദ്ദേഹം പോപ്പുലറാണ്. നീതിക്കുവേണ്ടി ഒരൊറ്റ ലൈനിൽ വാദിക്കുന്ന ആ ഭാഷ, കോൺഗ്രസ് പ്രവർത്തകർക്ക് ഊർജ്ജം നൽകുന്ന സ്വരം – ഇത് ചെറിയ കാര്യമല്ല. അമേരിക്കയിലും ഗൾഫ് നാടുകളിലും ഉറങ്ങിക്കിടന്ന കോൺഗ്രസ് പ്രവർത്തകരെ ഒഐസിസി, ഇൻകാസ് തുടങ്ങിയ കോൺഗ്രസ് സംഘടനകളുമായി ചേർന്ന് വാക്ചാതുര്യത്തോടെ ഉണർത്തിയ ആ ശബ്ദം – ഇത് ഒരു അസ്സൽ പൊളിറ്റിക്കൽ അസറ്റ് തന്നെയാണ്. ബൈജു കൊട്ടാരക്കരയെ പോലുള്ള ശബ്ദങ്ങളെ കോൺഗ്രസ് ശരിയായി ഉപയോഗിച്ചാൽ, വേദികൾക്ക് ഉശിരു കിട്ടുക മാത്രമല്ല, പാർട്ടിക്ക് തന്നെ മുതൽക്കൂട്ടായി മാറും എന്നത് ഉറപ്പാണ്.























