തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ പരാമർശത്തെ തിരുത്തി അങ്കണവാടിയിൽ ‘ബിർണാണി’ ചോദിച്ച് വൈറലായ ശങ്കു വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു. കൊല്ലം ചവറയിലെ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധാമണിയുടെ കൊച്ചു മകനാണ് ശങ്കു എന്നായിരുന്നു ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന് മറുപടിയുമായാണ് ശങ്കു രംഗത്തെത്തിയത്. ‘പുതിയ മന്ത്രി ആന്റി പറഞ്ഞു, ഞാൻ രാധാമണി ചേച്ചിയുടെ കൊച്ചുമോനാന്ന്. ഞാൻ രാധാമണി ചേച്ചീടെയൊന്നും കൊച്ചുമോനല്ല. എന്റെ അപ്പാമ്മയുടെ പേര് ഓമന. എന്റെ അമ്മാമ്മയുടെ പേര് റീന തങ്കപ്പൻ. ഇത്രേയൂള്ളൂ കാര്യം’ എന്നാണ് ശങ്കു വീഡിയോയിൽ പറഞ്ഞത്.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു മന്ത്രി ബിന്ദു കൃഷ്ണയുടെ പരാമർശമുണ്ടായത്. ബിർണാണി ചോദിച്ച കുഞ്ഞ് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധാമണി ചേച്ചിയുടെ കൊച്ചുമോനാണെന്നായിരുന്നു ബിന്ദു കൃഷ്ണ പറഞ്ഞത്. അന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ അങ്കണവാടികളിൽ ബിരിയാണി വിതരണം ചെയ്യുന്നതിലുള്ള പ്രയാസവും മന്ത്രി വിശദീകരിച്ചിരുന്നു. നേരത്തേ, അങ്കണവാടിയിലെ ഭക്ഷണ വിതരണത്തെ കുറിച്ച് ശങ്കു സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. അങ്കണവാടിയിൽ ‘ബിർണാണിയും പൊരിച്ച കോഴിയും വേണം’ എന്നായിരുന്നു ശങ്കു പറഞ്ഞത്. ശങ്കുവിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ട അന്നത്തെ വനിതാ ശിശു വികസന മന്ത്രി വീണാ ജോർജ് വിഷയത്തിൽ ഇടപെട്ടിരുന്നു. ശങ്കുവിന്റെ ആവശ്യം മുൻനിർത്തി അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കുമെന്ന് വീണാ ജോർജ് പറഞ്ഞിരുന്നു.

























