ഒന്നാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് നടൻ ബാലയും ഭാര്യ കോകിലയും. ഈ ഒരു വർഷത്തിനിടെ തങ്ങൾ അഭിമുഖീകരിച്ച വെല്ലുവിളികളെക്കുറിച്ച് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സംസാരിച്ചു. ഒരു ദമ്പതിമാരും കടന്നുപോകാത്ത സാഹചര്യത്തിലൂടെയാണ് ഈ ഒരുവർഷം തങ്ങൾ കടന്നുപോയത് ബാല പറഞ്ഞു. എങ്കിലും പരസ്പരം വിട്ടുകൊടുക്കാതെ ഒരുമിച്ചുനിന്നെന്നും ഇരുവരും പറഞ്ഞു.

തങ്ങളിരുവരേയും പിന്തുണച്ചവർക്ക് താരദമ്പതിമാർ നന്ദിയും അറിയിച്ചു.”എല്ലാവർക്കും നമസ്കാരം, ഞങ്ങളുടെ ആദ്യ വിവാഹ വാര്‍ഷികമാണിന്ന്. കഴിഞ്ഞകാലത്തേക്കുറിച്ച് ചിന്തിച്ചു നോക്കുമ്പോൾ ഒരു കാര്യം പറയാം. ഒരു ദമ്പതിമാരും കടന്നുപോകാത്ത സാഹചര്യത്തിലൂടെയാണ് ഈ ഒരുവർഷം ഞങ്ങൾ കടന്നുപോയത്. പോസിറ്റിവ് ആയുള്ള കാര്യം കൂടി പറയാം, കല്യാണം കഴിഞ്ഞ് എല്ലാവരും ഹണിമൂണിനു പോകും. ഈ ഒരു കൊല്ലത്തിൽ കേസും കോടതിയും പൊലീസ് സ്റ്റേഷനുമൊക്കെയായി ഒരുപാട് കഷ്ടതകൾ അനുഭവിച്ചു.


ഇതിലുള്ള പോസിറ്റീവ് കാര്യം പറഞ്ഞാൽ എത്ര കഷ്ടപ്പാട് വന്നാലും ഭാര്യയും ഭർത്താവും എന്ന നിലയിൽ ഒരു നിമിഷംപോലും ഞങ്ങൾ രണ്ടുപേരും വിട്ടുകൊടുത്തിട്ടില്ല. ഞങ്ങൾ ഒന്നിച്ചാണ് നിന്നത്. ഈ ഒക്ടോബർ 23 വരെയുള്ള ഒരു കൊല്ലം ഞങ്ങൾ ജീവിച്ചത് 100 കൊല്ലം ഒന്നിച്ചു ജീവിച്ചതുപോലെയാണ്. എത്ര കഷ്ടപ്പാട് വന്നാലും ബാലയും കോകിലയും നല്ലൊരു ജീവിതം ജീവിക്കണമെന്നു പ്രാർഥിച്ച എല്ലാവരോടും നന്ദി. നന്ദി പറഞ്ഞു തീർക്കാൻ പറ്റില്ല. ഒരുപാട് സ്നേഹം അറിയിക്കുന്നു. നല്ലതുവരട്ടെ. നല്ല കാര്യങ്ങൾ നടക്കട്ടെ. ഞങ്ങളുടെ കുടുംബ ജീവിതം ഒരു വർഷം തികയുമ്പോൾ ഇതുവരെ കൂടെ നിന്ന എല്ലാവരോടും ഒരുപാട് സ്നേഹം.”–ബാലയുടെ വാക്കുകൾ.























