പാലക്കാട്: ലൈംഗികാതിക്രമ പരാതി നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ ഊർജിത ശ്രമങ്ങളുമായി പോലീസ്. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. രാഹുലിനെ ഉടൻ അറസ്റ്റ് ചെയ്യാനാണ് എഡിജിപിയുടെ നിർദേശം. രാഹുലിനായി സംസ്ഥാന വ്യാപക പരിശോധനയിലാണ് പോലീസ്. രാഹുലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പോലീസ് നിരീക്ഷണത്തിലുമാണ്.

അതേസമയം രാഹുൽ കോയമ്പത്തൂരിൽ ഒളിച്ചുകഴിയുന്നതായുള്ള സംശയത്തെ തുടർന്ന് പോലീസിന്റെ ഒരു സംഘം തമിഴ്‌നാട് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഇന്റലിജൻസ് വിവരങ്ങളെല്ലാം അന്വേണ സംഘം ശേഖരിച്ചിട്ടുണ്ട്. കോയമ്പത്തൂർ കേന്ദ്രീകരിച്ച് വ്യാപകമായി പരിശോധന നടത്തുകയാണ് പോലീസ്. ലൈംഗികാതിക്രമ പരാതി അന്വേഷിക്കുന്ന തിരുവനന്തപുരത്തുള്ള പോലീസ് സംഘം പാലക്കാട്ടെത്തി രാഹുൽ താമസിച്ചിരുന്ന കുന്നത്തൂർമേടിലുള്ള ഫ്‌ലാറ്റിലെത്തി തെളിവെടുത്തു.


അതേസമയം എംഎൽഎയ്‌ക്കെതിരേ പരാതി നൽകിയ യുവതിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. രണ്ടുതവണ വീര്യം കൂടിയ ഗർഭച്ഛിദ്ര മരുന്ന് നൽകി. അശാസ്ത്രീയമായാണ് ഗർഭച്ഛിദ്രം നടന്നത്. രക്തസ്രാവത്തെത്തുടർന്ന് ആരോഗ്യനില മോശമായി. ഇതേത്തുടർന്ന് രണ്ട് ആശുപത്രികളിൽ ചികിത്സ തേടിയതായും യുവതി മൊഴിയിൽ പറയുന്നു. കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തിയ ഘട്ടത്തിലാണ് യുവതി ഇക്കാര്യങ്ങൾ അന്വേഷണ സംഘത്തിന് മുമ്പാകെ പറഞ്ഞത്.























