കരുത്തുറ്റ കഥാപാത്രവുമായി ഭാവന; സയന്‍സ് ഫിക്ഷന്‍ ചിത്രം അനോമി ജനുവരി 30ന്

ഭാവന ഫിലിം പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നടി ഭാവന ആദ്യമായി നിർമാണ പങ്കാളിയാകുന്ന ചിത്രം ‘അനോമി’ ജനുവരി 30ന് പ്രദർശനത്തിനെത്തും. സാറാ ഫിലിപ്പ് എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് ചിത്രത്തിൽ ഭാവന അവതരിപ്പിക്കുന്നത്. സയൻസ് ഫിക്ഷൻ ത്രില്ലറായ ചിത്രത്തിൽ റഹ്മാനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സാറാ ഫിലിപ്പ് എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന റീൽ പങ്കുവച്ചാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. അഴിച്ചിട്ട മുടി വാരിക്കെട്ടി നിശ്ചയദാർഢ്യത്തോടെ നടന്നുവരുന്ന ഭാവനയെ റീലിൽ കാണാം. ഭാവനയുടെ കരിയറിലെ 23 വർഷങ്ങളെ അടയാളപ്പെടുത്തിക്കൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. ഈ വർഷങ്ങൾക്കിടയിൽ 89 ചിത്രങ്ങളിൽ ഭാവന അഭിനയിച്ചു. ഭാവനയുടെ തൊണ്ണൂറാമത്തെ ചിത്രമാണ് ‘അനോമി. ‘കാലം വാർത്തെടുത്ത തിരിച്ചുവരവ്’ എന്ന അടിക്കുറിപ്പോടെയാണ് അണിയറപ്രവർത്തകർ റീൽ വിഡിയോ പുറത്തുവിട്ടത്.

ഗംഭീര സ്വീകരണമാണ് ഭാവനയുടെ സിനിമയ്ക്കു ലഭിക്കുന്നത്. നിരവധി പേർ ഭാവനയ്ക്ക് ആശംസകളുമായെത്തി. ഭാവനയുടെ പുതിയ ചിത്രത്തിന്റെ റീൽ നിമിഷങ്ങൾക്കകം വൈറലായി. മഞ്ജു വാരിയർ, റിമ കല്ലിങ്കൽ, പാർവതി, അമൽ നീരദ്, തെന്നിന്ത്യൻ താരങ്ങളായ സൂര്യ, ജ്യോതിക തുടങ്ങി നിരവധി പേർ ഭാവനയുടെ റീൽ പങ്കുവച്ചു. ‘പുതിയ ഇന്നിങ്സിന് ആശംസകൾ’ എന്നാണ് ഭാവനയ്ക്ക് നന്മകൾ നേർന്ന് സൂര്യ കുറിച്ചത്.