‘ഇപ്പോൾ കണക്ക് കൃത്യം ആയി, സത്യം പുറത്തുവരും’; പിആ‍റിനെക്കുറിച്ച് അനുമോൾ പറയുന്ന വീഡിയോ പങ്കുവെച്ച് ബിന്നി

അനുമോൾക്ക് പിആ‍ർ ഉണ്ടെന്ന് ബിഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് പറ‍ഞ്ഞതിന്റെ പേരിൽ തനിക്ക് വളരെയധികം സൈബർ ബുള്ളിയിങ്ങ് നേരിടേണ്ടി വന്നതായി ബിന്നി. എന്നാൽ ഇപ്പോൾ അനുമോൾ തന്നെ പിആർ ഉണ്ടെന്ന് പറയുന്ന വീഡിയോയുമായി രം​ഗത്തെത്തിയിരിക്കുകയാണ്
ബിന്നി സെബാസ്റ്റ്യൻ. 16 ലക്ഷം രൂപയ്ക്കാണ് താൻ പിആർ കൊടുത്തതെന്ന് അനുമോൾ തന്നോട് പറഞ്ഞതായും ബിന്നി വെളിപ്പെടുത്തിയിരുന്നു. ഏഷ്യാനെറ്റിനു നൽകിയ അഭിമുഖത്തിൽ അനുമോളുടെ തന്നെ വാക്കുകൾ കട്ട് ചെയ്ത് താൻ പറഞ്ഞത് ശരിയായിരുന്നു എന്ന് പറയുകയാണ് ബിന്നി. സത്യം എന്നായാലും പുറത്ത് വരുമെന്നും ഇത് കാലത്തിന്റെ കാവ്യനീതിയാണെന്നും ബിന്നി പറയുന്നു. ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങുന്ന മൽസരാർത്ഥികൾക്ക് ഏഷ്യാനെറ്റിൽ തന്നെ ലൈൻ കട്ട് എന്ന പേരിൽ അഭിമുഖമുണ്ട്. ഈ അഭിമുഖത്തിൽ പിആറിനെക്കുറിച്ച് അവതാരകയുടെ ചോദ്യത്തിന് അനു മറുപടി പറയുന്ന ഭാഗമാണ് ബിന്നി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിയ്ക്കുന്നത്. 1 ലക്ഷമാണ് കൊടുത്തത് എന്നും, 15 ലക്ഷം കൊടുക്കും എന്ന് ഞാൻ പറഞ്ഞതാവാം അനുമോൾ പറയുന്നുണ്ട്.

”കാലത്തിന്റെ കാവ്യ നീതി. സത്യം എന്നായാലും പുറത്ത് വരും. താങ്‌സ് ടു അഞ്ജന നമ്പ്യാർ. ചോദ്യങ്ങളുടെ വേഗം കൂടിയപ്പോ ആലോചിക്കാൻ സമയം കിട്ടാതെ അനു മോൾക്ക് സത്യം പറയേണ്ടി വന്നു. അതേ 16 ലക്ഷം. 1 ലക്ഷം കൊടുത്തു, ഇനി 15 ലക്ഷം കൊടുക്കാൻ ഉണ്ട്.. കണക്ക് കൃത്യം ആയി. നിങ്ങൾ ഇത് അസൂയയോ കുശുമ്പോ ആയി കരുതേണ്ട. ഇതൊരു ഓർമപ്പെടുത്തൽ ആണ്. സത്യം പറഞ്ഞതിന് അനുമോളിന്റെ പിആർ കാരണം ഞാൻ ഇപ്പോഴും സൈബർ ബുള്ളീങ് നേരിടുന്നത് ഓർമ്മപ്പെടുത്തുന്നു. കഴിഞ്ഞ രണ്ട് സീസൺസ് പോലെ ഈ സീസണിലും പിആർ ജയിച്ചു. സത്യം തോറ്റു. ബിഗ്ഗ് ബോസ് ആണോ പി ആർ ആണോ?”, അനുമോളുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ബിന്നി സെബാസ്റ്റ്യൻ കുറിച്ചു.