പറയാതെ പോയ വിദ്യാർത്ഥിയെ തിരികെ സ്കൂളിലെത്തിച്ചു; അധ്യാപകനെ മർദിച്ച് രക്ഷിതാവ്

തൃശ്ശൂർ: ശ്രീനാരായണപുരം പോഴങ്കാവ് സെയിന്റ് ജോർജ് എൽ.പി. സ്കൂളിൽ കയറി അധ്യാപകനെ മർദിച്ച കേസിൽ രക്ഷിതാവായ പോഴങ്കാവ് സ്വദേശി ധനേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. അധ്യാപകനായ ഭരത് കൃഷ്ണനെയാണ് ധനേഷ് മർദിച്ചത്. ഇയാൾ ക്രിമിനൽ കേസ് പശ്ചാത്തലമുള്ളയാളാണെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. തിങ്കളാഴ്ച സ്കൂളിലെത്തിയ ധനേഷിന്റെ മകൻ ആരോടും പറയാതെ വീട്ടിലേക്ക് മടങ്ങി പോയിരുന്നു.

ഇതേത്തുടർന്ന്, അധ്യാപകനായ ഭരത് കൃഷ്ണൻ വീട്ടിൽ പോയി കുട്ടിയെ തിരിച്ച് സ്കൂളിലേക്ക് കൊണ്ടുവന്നു. അധ്യാപകൻ കുട്ടിയെ തിരികെ കൊണ്ടുവന്ന ഈ നടപടിയാണ് ധനേഷിനെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറയുന്നു. വൈകുന്നേരം സ്കൂളിലെത്തിയ ധനേഷ് അധ്യാപകന്റെ മുഖത്തടിച്ചു. ധനേഷ് കൊലക്കേസ് ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. സംഭവത്തിനുശേഷം ഒളിവിൽ പോയ ധനേഷിനെ നെടുമ്പാശ്ശേരിയിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.