അജിത്തിന്റേയും രമ്യാ കൃഷ്ണന്റേയും വീടിന് ബോംബ് ഭീഷണി; വ്യാജസന്ദേശമെന്ന് പോലീസ്

ചെന്നൈ: നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണയുടേയും വസതികള്‍ക്ക് വ്യാജബോംബ് ഭീഷണി. തമിഴ്‌നാട് ഡിജിപി ഓഫീസിലാണ് സന്ദേശം ലഭിച്ചത്. നടനും രാഷ്ട്രീയനേതാവുമായ എസ്.വി. ശേഖറിന്റെ വീടിനുനേരേയും ഭീഷണി സന്ദേശം ലഭിച്ചു.

അജിത്തിന്റെ ചെന്നൈ ഇഞ്ചമ്പാക്കത്തെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു അജ്ഞാതന്റെ സന്ദേശം. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെയെത്തി പരിശോധ നടത്തി. പരിശോധനയില്‍ സ്‌ഫോടകവസ്തുക്കള്‍ ഒന്നും കണ്ടുകിട്ടിയില്ല.

മണിക്കൂറുകളോളം നീണ്ടുനിന്ന പരിശോധനയ്‌ക്കൊടുവിലാണ് ഭീഷണിവ്യാജമാണെന്ന് സ്ഥിരീകരിച്ചത്. ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.