മലയാറ്റൂരെ ഏവിയേഷൻ ബിരുദ വിദ്യാർഥി ചിത്രപ്രിയയെ കൊലപ്പെടുത്തിയത് സമ്മതിച്ച് ആൺസുഹൃത്ത് അലൻ. മദ്യലഹരിയിലാണ് താൻ കൊല നടത്തിയതെന്ന് അലൻ പൊലീസിനോട് പറഞ്ഞു. സംശയത്തെ തുടർന്നുള്ള തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അലന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആറാം തിയതി രാത്രി ഇരുവരും തമ്മിൽ കണ്ടപ്പോൾ ചില സംശയങ്ങളുടെ പേരിൽ തർക്കമുണ്ടായെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും അലൻ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിക്ക് വന്ന ചില ഫോൺകോളുകളെക്കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് തർക്കമുണ്ടായത്.

ആ സമയത്ത് അലൻ മദ്യലഹരിയിലുമായിരുന്നു. തർക്കത്തിനൊടുവിൽ പെൺകുട്ടിയെ വീട്ടിൽ കൊണ്ടാക്കാമെന്ന് പറഞ്ഞ് അലൻ ബൈക്കിൽ കയറ്റി കൊണ്ടുപോയി. വിജനമായ സ്ഥലത്ത് അലൻ ബൈക്ക് നിർത്തുകയും കല്ല് കൊണ്ട് പെൺകുട്ടിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കാലടി പൊലീസാണ് അലന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബെംഗളൂരുവിൽ ഏവിയേഷൻ ബിരുദ വിദ്യാർഥിയായിരുന്നു ചിത്രപ്രിയ. മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

























