അപകടത്തിൽപ്പെട്ട യുവതിയുടെ വസ്ത്രം കീറി, ഉടുമുണ്ടഴിച്ചു നൽകി യുവാവ്

കൊച്ചി: അപകടത്തിൽ പെട്ട് ധരിച്ചിരുന്ന വസ്ത്രം പൂർണമായും കീറിയ യുവതിക്ക് സ്വന്തം ഉടുമുണ്ടഴിച്ചു നൽകി ചായ വിൽപ്പനക്കാരൻ. തൃപ്പൂണിത്തുറ, കിഴക്കേകോട്ട മരട്ടിപ്പറമ്പിൽ എം ആർ ഷാജിയാണ് യുവതിക്ക് സ്വന്തം വസ്ത്രം നൽകിയത്. ഇന്നലെ ഉച്ചയോടെ സ്റ്റാച്യു ജങ്ഷനിലാണ് അപകടമുണ്ടായത്.

കടകളിൽ ചായ നൽകാനായി സൈക്കിളിൽ എത്തിയപ്പോഴാണ് ഷാജി അപകടം കണ്ടത്.പ്രൈവറ്റ് ബസിന്റെ മുന്നിലെ ചക്രത്തിനടിയിലേക്ക് യുവതി വീഴുകയായിരുന്നു. അപകടം കണ്ട് ആളുകൾ ഓടിയെത്തി ബസ് പിന്നോട്ടെടുപ്പിച്ചാണ് സ്ത്രീയെ രക്ഷപ്പെടുത്തുന്നത്. റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചപ്പോൾ യുവതിയുടെ വസ്ത്രങ്ങൾ പൂർണമായും കീറിപ്പോകുകയായിരുന്നു. ഇവരെ എഴുന്നേൽപ്പിച്ച ഉടൻ ഷാജി താൻ ഉടുത്തിരുന്ന മുണ്ട് അഴിച്ച് യുവതിയെ പുതപ്പിച്ചു. പിന്നീട് സമീപത്തെ കടയിൽ നിന്നാണ് ഷാജി മറ്റൊരു മുണ്ട് വാങ്ങിയുടുത്തത്. പരിക്കേറ്റ സ്ത്രീയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.