തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയെ തുടർന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ സഹായിക്കാൻ നടപടി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. പ്രൈവറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റേജ് ക്യാരേജ് ബസുകൾക്ക് ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചു. കേരളത്തിൽ രജിസ്ട്രേഷനായി കൂടുതൽ ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസുകൾ എത്തുന്നതിനും അന്തർ സംസ്ഥാന യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നിനും ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകളുടെ ത്രൈമാസ നികുതി കുറയ്ക്കും. ടൂറിസ്റ്റ് ബസുകളിൽ നിലവിലെ സീറ്റ് ഒന്നിന് 2000 രൂപ എന്ന നിരക്ക് 900 രൂപയായി കുറയ്ക്കും. സ്ലീപ്പർ ബസിലെ സീറ്റ് ഒന്നിന് 3000 രൂപ 1500 രൂപയായി കുറയ്ക്കുമെന്നും വി ഡി സതീശൻ അറിയിച്ചു.

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന നികുതി നിരക്ക് ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം അനുവദിക്കുന്നതിനായി 2022-23 അബ്കാരി നയത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിദേശ മദ്യ ചട്ടങ്ങളിൽ ഭേഗതി വരുത്തിയിരുന്നു. 0.5 ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോൾ വീര്യമുള്ള ബിയറും വൈനും ഒഴികെയുള്ള മറ്റു ഉൽപ്പന്നങ്ങളെ ലോ ആൽക്കഹോളിക് ബിവറേജ് എന്നൊരു പ്രത്യേക വിഭാഗമായി പരിഗണിച്ചിട്ടുണ്ട്. ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന മദ്യ ഉൽപ്പന്നങ്ങളുടെ ഘടനയിൽ വ്യക്തത വരുത്തുന്നതിനായി അവയ്ക്ക് അനുയോജ്യമായ വിൽപ്പന നികുതി നിരക്ക് കേരള പൊതുവിൽപ്പന നികുതി നിയമം പ്രകാരം നിശ്ചയിക്കേണ്ടതുണ്ട്. പത്തുശതമാനം വരെ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന നിരക്ക് 125 ശതമാനമായും 10 ശതമാനം മുതൽ 20 ശതമാനം വരെ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന നികുതി നിരക്ക് 175 ശതമാനമായും ക്രമീകരിക്കുമെന്നും വി ഡി സതീശൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
























