മുഹൂർത്തത്തിന് തൊട്ടുമുൻപ് പൊലീസിനെ വിളിച്ച് വരുത്തി; വിവാഹത്തിൽ നിന്ന് പിന്മാറി വധു

മൂന്നാർ: മറയൂരിൽ മുഹൂർത്തത്തിനു തൊട്ടുമുൻപു വിവാഹത്തിൽ നിന്ന് പിന്മാറാൻ വധു പൊലീസിന്റെ സഹായം തേടി. മറയൂർ മേലാടി സ്വദേശിയായ യുവാവും തമിഴ്‌നാട് തിരുപ്പൂർ സ്വദേശിയായ യുവതിയും തമ്മിലാണു വിവാഹം നിശ്ചയിച്ചിരുന്നത്.

തിരുപ്പൂരിൽ നിന്നു തലേന്നു മേലാടിയിൽ എത്തിയ വധുവും സംഘവും വിവാഹം നടക്കുന്ന ക്ഷേത്രത്തിനു സമീപമാണു താമസിച്ചത്. മുഹൂർത്തത്തിനു തൊട്ടുമുൻപു യുവതി പൊലീസ് കൺട്രോൾ റൂമിന്റെ ഫോൺ നമ്പറായ 1012ലേക്കു വിളിച്ച് തനിക്ക് ഈ വിവാഹത്തിന് താൽപര്യമില്ലെന്നും വിവാഹം ഒഴിവാക്കാൻ പൊലീസ് സഹായിക്കണമെന്നും ആവശ്യപ്പെട്ടു. പൊലീസെത്തി വധുവിനെയും വരനെയും ബന്ധുക്കളെയും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി.പൊലീസിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഇരുവീട്ടുകാരും വിവാഹം വേണ്ടെന്നുള്ള ധാരണയിൽ എത്തി. സദ്യ ഉൾപ്പെടെ എല്ലാം തന്നെ ഒരുക്കിയിരുന്നു.