അനിശ്ചിതകാല ബസ് സമരം: സ്വകാര്യ ബസുടമകളുമായി ഇന്ന് ചർച്ച

തിരുവനന്തപുരം: സ്വകാര്യ ബസുടമകളുമായി ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും. വൈകീട്ട് മൂന്നരയ്ക്ക് ​ഗതാ​ഗതമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് ചർച്ച. ഈ മാസം 22-ാം തിയതി മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രി ബസുടമകളെ ചർച്ചയ്ക്ക് വിളിച്ചത്. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് നിരക്ക് വർധിപ്പിക്കണം, 140 കിലോമീറ്ററിന് മുകളിൽ പെർമിറ്റ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്.

മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും ഇടക്കിടെയുള്ള പരിശോധനയും അന്യായ പിഴ ചുമത്താലും അവസാനിപ്പിക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു. 32000 ബസുകൾ ഉണ്ടായിരുന്ന വ്യവസായം ഇപ്പോൾ 7000 ബസിലേക്ക് ചുരുങ്ങി. അതുകൊണ്ട് ഇനിയും ഈ പ്രശനങ്ങളിൽ ഇടപെട്ടില്ലെങ്കിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് ബസുടമകൾ പറയുന്നത്.

ഗതാഗത കമ്മീഷണർ ആദ്യ ഘട്ടത്തിൽ ബസ് ഉടമകളുമായി ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഏഴാം തിയതി സൂചന പണിമുടക്ക് നടത്തിയിരുന്നു. ഇതിനുശേഷമാണ് ബസുടമകൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്.