നിധീഷിനെ വിളിപ്പിച്ച് ഇന്ത്യൻ കോൺസുലേറ്റ്; വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്‌കാരം മാറ്റിവെച്ചു

ദുബായ്: കൊല്ലം സ്വദേശിനി വിപഞ്ചികയും മകള്‍ വൈഭവിയും ഷാര്‍ജയില്‍ മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ സംസ്‌കാരം മാറ്റിവെച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ച വൈകീട്ട് നടത്താനിരുന്ന വൈഭവിയുടെ സംസ്‌കാരചടങ്ങ് മാറ്റിവെച്ചത്. സംസ്‌കാരം സംബന്ധിച്ച് വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷുമായി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് സംസ്‌കാരം മാറ്റിവെയ്ക്കാന്‍ തീരുമാനമെടുത്തത്.

വൈഭവിയുടെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് തന്നെ ഷാര്‍ജയില്‍ സംസ്‌കരിക്കാനായിരുന്നു നിധീഷിന്റെയും കുടുംബത്തിന്റെയും നീക്കം. എന്നാല്‍, ഇത് തടയണമെന്നും മൃതദേഹം നാട്ടില്‍ സംസ്‌കരിക്കണമെന്നും ഷാര്‍ജയിലെത്തിയ വിപഞ്ചികയുടെ അമ്മ ഷൈലജ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് വിഷയത്തില്‍ ഇടപെട്ടത്. ഇതേസമയം, കുഞ്ഞിന്റെ മൃതദേഹവുമായി നിധീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ശ്മശാനത്തില്‍ എത്തിയിരുന്നു. ഇതിനിടെയാണ്, ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്ന് വിളിയെത്തിയത്. കുഞ്ഞിന്റെ അച്ഛനായ നിധീഷിന്റെ ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്ക് വിളിപ്പിക്കുകയുംചെയ്തു. തുടര്‍ന്ന് സംസ്‌കരിക്കാനായി കൊണ്ടുവന്ന മൃതദേഹം തിരികെകൊണ്ടുപോവുകയായിരുന്നു.

കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ജീവനൊടുക്കിയെന്നാണ് നിഗമനം. ജൂലായ് എട്ടിന് രാത്രിയായിരുന്നു സംഭവം.