കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ കേസ്. ചക്കരയ്ക്കൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇൻസ്റ്റ് പേ എന്ന ആപ്പിനെതിരായാണ് കേസ്. കഴിഞ്ഞ ജനുവരിയിലാണ് നിതിൻ രാജ് ആപ്പ് വഴി 36 ശതമാനം പലിശയ്ക്ക് 15000 രൂപ വായ്പയെടുത്തത്. ഏപ്രിൽ മാസമായപ്പോഴേക്കും ആപ്പുമായി ബന്ധപ്പെട്ടവർ നിതിനെ നിരന്തരം ഭീഷണിപ്പെടുത്താൻ തുടങ്ങി. നിതിനെ ആപ്പുമായി ബന്ധപ്പെട്ടവർ മാനസികമായി പീഡിപ്പിച്ചുവെന്നും ഭയപ്പെടുത്തി പണം തിരിച്ചടപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.

ലോൺ ആപ്പ് നിതിന്റെ അധ്യാപികയുടെ ഫോണിലേക്ക് ഉൾപ്പെടെ ഭീഷണി സന്ദേശങ്ങൾ അയച്ചതായും പ്രിൻസിപ്പൽ നിതിനെ വിളിച്ചുവരുത്തി ലോണിനെക്കുറിച്ച് ചോദിച്ചതായും വാർത്തകൾ വന്നിരുന്നു. ലോൺ ആപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ മുമ്പ് സൈബർ സെല്ലും കേസെടുത്തിരുന്നു. ഇതിന്റെ വിവരങ്ങൾ ചക്കരയ്ക്കൽ പൊലീസിന് കൈമാറുകയായിരുന്നു. ലോൺ ആപ്പിന്റെ ഭീഷണിയും കോളജിന്റെ ഭാഗത്തുനിന്നുണ്ടായ ചോദ്യം ചെയ്യലുമാണ് നിതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വാർത്തയുണ്ടായിരുന്നെങ്കിലും കുടുംബം ഇത്തരം വാദങ്ങൾ തള്ളുകയായിരുന്നു. ലോൺ ആപ്പുമായി ബന്ധപ്പെട്ട് കോളേജിലെ സ്റ്റാഫ്റൂമിൽ എന്താണ് സംഭവിച്ചതെന്ന് അധികൃതർ കുടുംബത്തെ അറിയിച്ചിട്ടില്ലെന്ന് നിതിൻ രാജിന്റെ ബന്ധുക്കൾ പറയുന്നത്.

























