യൂട്യൂബ് വഴി മോശം ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മാലാ പാർവതിയുടെ പരാതിയിൽ കേസെടുത്തു

തിരുവനന്തപുരം: യൂട്യൂബ് വഴി മോശം ദൃശ്യങ്ങൾ പ്രചരിപ്പിച്ചതായി നടി മാലാ പാർവതി. നടിയുടെ പരാതിയിൽ കേസെടുത്ത് സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.

രണ്ടാഴ്ച മുൻപാണ് മാലാ പാർവതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. സിനിമയിൽ നിന്നുള്ള ദൃശ്യങ്ങൾ എടുത്ത് എഡിറ്റ് ചെയ്ത് മോശമായ രീതിയിൽ ദൃശ്യങ്ങൾ ചില യൂട്യൂബർമാർ പ്രചരിപ്പിക്കുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഇത്തരത്തിൽ പ്രചരിപ്പിച്ച ദൃശ്യങ്ങളുടെ ലിങ്കുകൾ പരാതിക്കാരി തന്നെ പൊലീസിന് കൈമാറി.

ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷൻ കേസെടുക്കുകയും നടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തുകയും ചെയ്തു. കേസിൽ അന്വേഷണം ആരംഭിച്ചതായി സൈബർ പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ദൃശ്യങ്ങൾ നീക്കം ചെയ്യുന്നതിനായി യൂട്യൂബിനെ സമീപിക്കും. ദൃശ്യങ്ങൾ അപ്ലോഡ് ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.