മുഖ്യമന്ത്രി വിളിച്ചു, ശക്തമായ നടപടി ഉറപ്പുനൽകി; സംരക്ഷണം നൽകിയ സർക്കാരിന് നന്ദിയെന്ന് ഹണി റോസ്

കൊച്ചി: താൻ നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ വേഗത്തിൽ നടപടി വന്നത് ഏറെ ആശ്വാസകരമെന്ന് നടി ഹണി റോസ്. ആർക്കും എന്തും പറയാമെന്നതിന് മാറ്റം വരുമെന്നുറപ്പായി. ഇപ്പോൾ അതിയായ സന്തോഷവും സമാധാനവും തോന്നുന്നുണ്ടെന്നും ഹണി റോസ് മാധ്യമങ്ങളോട് പറഞ്ഞു. ബോബി ചെമ്മണൂരിനെ കസ്റ്റഡിയിലെടുത്തെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു ഹണി റോസ്.

‘എന്നെ സംബന്ധിച്ച് എനിക്ക് സംരക്ഷണം നൽകുന്ന സർക്കാരും പൊലീസ് ഡിപ്പാർട്ട്‌മെന്റും ഉള്ള, അങ്ങനെ ഒരു സംസ്ഥാനത്ത്, അങ്ങനെ ഒരു രാജ്യത്ത് ആണ് ജീവിക്കുന്നത് എന്ന ഉറച്ച ബോധ്യം എനിക്കുണ്ട്. ആ ബോധ്യം ഉള്ളതു കൊണ്ട് തന്നെയാണ് യുദ്ധത്തിന് ഇറങ്ങി തിരിച്ചത്. തുടർച്ചയായി സൈബർ ആക്രമണം ഉണ്ടായപ്പോൾ ആവർത്തിക്കരുത്, ആവർത്തിക്കരുത് എന്ന് പറഞ്ഞിട്ടും ഇതിലും മോശമായ രീതിയിൽ ആവർത്തിക്കുകയാണ് ഉണ്ടായത്. അപ്പോൾ മുതൽ ഇത് പണത്തിന്റെ ഹുങ്ക് ആണ്, വെല്ലുവിളിയാണെന്ന് എനിക്ക് തോന്നി. അപ്പോഴാണ് എല്ലാത്തിനും ഒരു അവസാനം വേണം. അതുകൊണ്ടാണ് ഒരു യുദ്ധത്തിനായി ഇറങ്ങാമെന്ന് തീരുമാനിച്ചത്.’- ഹണി റോസ് പറഞ്ഞു. ‘ഇപ്പോൾ അതിയായ സന്തോഷവും സമാധാനവും തോന്നുന്നു. ഇത്തരം അനുഭവങ്ങൾ ഉണ്ടായപ്പോൾ മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അതനുസരിച്ച് ഇന്നലെ മുഖ്യമന്ത്രിയുമായി സംസാരിക്കാൻ അവസരം കിട്ടി.അപ്പോൾ എനിക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ പറഞ്ഞു. കുടുംബത്തിന് ഉണ്ടായ പ്രയാസങ്ങളും പറഞ്ഞു. നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി. കാര്യക്ഷമമായ സംവിധാനം ഉള്ളതുകൊണ്ടാണ് ഇത്രയും പെട്ടെന്ന് കസ്റ്റഡിയിലെടുക്കാൻ സാധിച്ചത്. ഇപ്പോൾ എന്റെ സോഷ്യൽമീഡിയ അക്കൗണ്ടിന്റെ കമന്റ് സെക്ഷൻ കാണുമ്പോൾ സന്തോഷമാകുന്നു എന്നാണ് ആരാധകർ ഇപ്പോൾ വിളിച്ചു പറയുന്നത്. ഇത് ഒരു മാറ്റമായി കാണുന്നു. സ്വകാര്യത സംരക്ഷിക്കുന്ന തരത്തിൽ നിയമനിർമ്മാണം ഉണ്ടാവുമെന്നാണ് ഞാൻ കരുതുന്നത്’- ഹണി റോസ് കൂട്ടിച്ചേർത്തു.