സിദ്ധാർഥന്‍റെ മരണം: സിബിഐ അന്വേഷണത്തിന് കേന്ദ്രം ഉടന്‍ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനമിറക്കണമെന്ന് ഹൈക്കോടതി. ഉചിതമായ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും ഓരോ നിമിഷവും വൈകുന്നച് കേസിനെ ബാധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചിന്റേതാണ് നിര്‍ണായകമായ നിര്‍ദേശം. കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ അടിയന്തരമായി നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സിദ്ധാര്‍ത്ഥിന്റെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.മാര്‍ച്ച്‌ ഒമ്ബതിന് സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും സിബിഐയ്ക്ക് അത് കൈമാറിയത് മാര്‍ച്ച്‌ 26ന് മാത്രമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്രയും കാലതാമസം ഉണ്ടാകുള്ള കാരണം കോടതി ആരാഞ്ഞു. ക്ലറിക്കല്‍ വീഴ്ചയാണെന്നും അതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിച്ചുവരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

സര്‍ക്കാര്‍ ഉത്തരവ് കൈമാറിയിട്ടും എന്തുകൊണ്ട് അന്വേഷണം ഏറ്റെടുക്കുന്നതില്‍ തീരുമാനമെടുത്തില്ലെന്ന് ഹൈക്കോടതി സിബിഐയോട് ആരാഞ്ഞു. കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള വിജ്ഞാപനം വരാത്തതുകൊണ്ടാണെന്ന് സിബിഐ മറുപടി നല്‍കി. ഇതോടെയാണ് എത്രയും വേഗം അന്വേഷണം സിബിഐ ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞപനമിറക്കാന്‍ കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്.വിഷയത്തില്‍ അടിയന്തര നടപടി ആവശ്യമാണെന്നും അന്വേഷണം വൈകുന്നത് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിനും അത് കേസ് അട്ടിമറിക്കുന്നതിനും ഇടയാക്കുമെന്ന് കാണിച്ചാണ് സിദ്ധാര്‍ത്ഥിന്റെ പിതാവ് കോടതിയെ സമീപിച്ചത്.