ന്യൂഡൽഹി: രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രസർക്കാർ. പ്രചരിക്കുന്നത് അസത്യമായ കാര്യങ്ങളെന്നും ലോക്ഡൗൺ ആലോചനയിലേ ഇല്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഈ സമയത്ത് ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. യുദ്ധ പശ്ചാത്തലത്തിന്റേയും ഇന്ധന പ്രതിസന്ധിയുടേയും സാഹചര്യത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്നാണ് വാട്ട്‌സ്ആപ്പിലൂടെ പ്രചരണം നടന്നത്. യുദ്ധ പശ്ചാത്തലത്തിൽ ഇന്ധനനീക്കവും എൽപിജി വിതരണവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും കേന്ദ്രസർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.

ഇന്ധനക്ഷാമം ജനങ്ങളെ ബാധിക്കാതിരിക്കാനുള്ള എല്ലാ വിധ നടപടികളും സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ആശങ്ക പരത്തുന്ന തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്. പരിഭ്രാന്തരാകേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. എക്‌സിലൂടെയായിരുന്നു പ്രതികരണം. എണ്ണക്കമ്പനികൾക്കുള്ള എക്‌സൈസ് തീരുവ കുറയ്ക്കുന്നതിനായി കേന്ദ്രസർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. പെട്രോളിനും ഡീസലിനും 10 രൂപയാണ് കുറച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇന്ധനവില കൂട്ടാതിരിക്കാനാണ് എണ്ണക്കമ്പനികൾക്കുള്ള സർക്കാരിന്റെ ഈ സഹായം. 13 രൂപയായിരുന്നു പെട്രോളിന്റെ തീരുവ. അത് മൂന്നുരൂപയാക്കിയാണ് കുറച്ചത്. ഡീസലിനുള്ള പത്ത് രൂപ തീരുവ ഒഴിവാക്കി.

























