മലപ്പുറം: വഴക്കു പറഞ്ഞതിനു അമ്മയ്ക്കെതിരെ പരാതി പറയാൻ രണ്ടാം ക്ലാസുകാരൻ എത്തിയത് ഫയർ ഫോഴ്സ് ഓഫിസിൽ. കാക്കിയിട്ട ഉദ്യോഗസ്ഥരെ കണ്ടതോടെയാണ് കുട്ടി പൊലീസ് സ്റ്റേഷനെന്ന് കരുതി അഗ്നിരക്ഷാ സേനയുടെ ഓഫിസിലേക്ക് കയറിയത്.

ഇരുമ്പുളിയിലെ വീട്ടിൽനിന്നു നാലു കിലോമീറ്റർ നടന്നാണ് ശനിയാഴ്ച ഉച്ചയോടെ മുണ്ടുപറമ്പിലുള്ള അഗ്നിരക്ഷാസേനയുടെ ഓഫിസിൽ കുട്ടി എത്തിയത്. കുട്ടിയിൽനിന്നു വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കിയപ്പോഴാണ് വീട്ടിൽനിന്നു പിണങ്ങി ഇറങ്ങിയതാണെന്ന് ഉദ്യോഗസ്ഥർക്കു മനസ്സിലായത്. തുടർന്ന് ഇവർ കുട്ടിയുടെ പിതാവിനെയും ചൈൽഡ് ലൈൻ പ്രവർത്തകരെയും വിവരം അറിയിച്ചു.


ഉച്ചസമയം നാലു കിലോമീറ്ററോളം നടന്നെത്തിയ കുട്ടി ക്ഷീണിതനായിരുന്നു. ഉദ്യോഗസ്ഥർ ഭക്ഷണവും വെള്ളവും നൽകിയാണ് കുഞ്ഞു പരാതിക്കാരനെ സ്വീകരിച്ചത്.























