ഇടുക്കി: വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിൽ നാലു വയസ്സുകാരി ബസ് കയറി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. സ്കൂൾ അധികൃതരുടെ വീഴ്ചയാണ് അപകടകാരണം എന്നാണ് കണ്ടെത്തൽ. സേഫ്റ്റി പ്രോട്ടോകോൾ വാഴ്ത്തോപ്പ് ഗിരിജ്യോതി സിഎംഐ പബ്ലിക് സ്കൂൾ പാലിച്ചിട്ടില്ല എന്നാണ് ബാലാവകാശ കമ്മീഷന്റെ കണ്ടത്തൽ. പ്ലേ സ്കൂൾ വിദ്യാർത്ഥി ഹെയ്സൽ ബെൻ മരിച്ചത് യാദൃശ്ചിക സംഭവമായി കാണാൻ കഴിയില്ല.

ബസ് നിർത്തി കുട്ടികൾ ക്ലാസ് റൂമിൽ കയറുന്നത് വരെ ബസ് മുന്നോട്ടെടുക്കാൻ പാടില്ലെന്ന നിയമം ലംഘിച്ചു. ഇത് ഉറപ്പു വരുത്തേണ്ട പ്രിൻസിപ്പാളിന് വീഴ്ചയുണ്ടായി. സ്കൂളിലെ സിസിടിവി ക്യാമറ പ്രവർത്തിച്ചിരുന്നില്ല എന്ന കാര്യം പോലീസ് പരിശോധിക്കും. അപകടത്തിൽ പരിക്കേറ്റ മൂന്നു വയസ്സുകാരി ഇനേയെ തഹസ്സിനെയും മരിച്ച ഹെയ്സലിന്റെ കുടുംബാംഗങ്ങളെയും ബാലാവകാശ കമ്മീഷൻ സന്ദർശിച്ചു. സ്കൂൾ മാനേജ്മെന്റിനെതിരെ കേസെടുക്കണമെന്ന് ഹെയ്സൽ ബെന്നിന്റെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.

























