ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ പ്രകോപനവുമായി ചൈന. പാകിസ്താന് കൂടുതൽ ആയുധങ്ങൾ നൽകി. യുദ്ധകാലാടിസ്ഥാനത്തിൽ കൂടുതൽ ആയുധങ്ങളും ദീർഘദൂര മിസൈലുകളുമാണ് നൽകിയത്. പഹൽഗാം ഭീകരാക്രമണത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന പാകിസ്താന്റെ ആവശ്യത്തെ പിന്തുണയ്ക്കുമെന്ന് ചൈന അറിയിച്ചിരുന്നു. പാകിസ്താൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് പാകിസ്താനുള്ള പിന്തുണ ചൈന അറിയിച്ചത്.

ചൈനയുടെ നൂതന എയർ–ടു–എയർ ദീർഘദൂര മിസൈലായ പിഎൽ-15 മിസൈലുകൾ പാക്ക് വ്യോമസേനയ്ക്ക് ലഭിച്ചതായാണ് വിവരം. പാക്ക് വ്യോമസേന പുറത്തുവിട്ട ഏറ്റവും പുതിയ ജെഎഫ് -17 ബ്ലോക്ക് III യുദ്ധവിമാനങ്ങളിൽ പിഎൽ -15 ബിയോണ്ട് വിഷ്വൽ റേഞ്ച് (ബിവിആർ) എയർ-ടു-എയർ മിസൈലുകൾ ഘടിപ്പിച്ചതാണ് ഈ വിലയിരുത്തലിന് പിന്നിൽ.


പാകിസ്താന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ പിന്തുണയ്ക്കുമെന്ന് ചൈന പറഞ്ഞു. ഇന്ത്യയിലെയും പാകിസ്താനിലെയും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും വാങ് യി പാകിസ്താനെ അറിയിച്ചു.























