ഹൈദരാബാദ്: തന്റെ കുടുംബപാരമ്പര്യം മുന്നോട്ട് കൊണ്ടുപോവാൻ ചെറുമകനില്ലെന്ന തെലുഗു നടൻ ചിരഞ്ജീവി നടത്തിയ പരാമർശം വിവാദമാകുന്നു. ബ്രഹ്‌മാനന്ദം എന്ന തെലുഗു ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ മുഖ്യാതിഥിയായിരുന്നു ചിരഞ്ജീവി ചടങ്ങിനിടയിൽ നടത്തിയ പരമാർശമാണ് വിവാദങ്ങൾ സൃഷ്ടിച്ചത്.

ചുറ്റും സ്ത്രീകളാണെന്നും ഒരു ലേഡീസ് ഹോസ്റ്റലിന്റെ വാർഡനെ പോലെയാണ് താൻ ജീവിക്കുന്നതും ചിരഞ്ജീവി പറഞ്ഞു. കുടുംബത്തിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ ഒരു ചെറുമകനുണ്ടായെങ്കിലെന്ന് താനാഗ്രഹിക്കുന്നുവെന്നും ചിരഞ്ജീവി പറഞ്ഞു.


വീട്ടിലിരിക്കുമ്പോൾ എന്റെ ചെറുമക്കളുടെ കൂടെ കഴിയുന്നത് പോലെയല്ല, ഒരു ലേഡീസ് ഹോസ്റ്റലിന്റെ വാർഡനെ പോലെയാണ് എനിക്ക് തോന്നുന്നത്. ഞാനെപ്പോഴും ആഗ്രഹിക്കുകയും രാം ചരണിനോട് പറയുകയും ചെയ്യുന്നുണ്ട്. ഇത്തവണയെങ്കിലും നമ്മുടെ കുടുംബത്തിന്റെ പാരമ്പര്യം തുടരാൻ ഒരു ആൺകുട്ടിയുണ്ടാകാൻ. പക്ഷേ അവന് കണ്ണിലെ കൃഷ്ണമണിയാണ് അവന്റെ മകൾ,ചിരഞ്ജീവി പറഞ്ഞു. രാം ചരണിന് വീണ്ടും പെൺകുട്ടി തന്നെ ജനിക്കുമോയെന്ന് തനിക്ക് പേടിയാണെന്നും ചിരഞ്ജീവി കൂട്ടിച്ചേർത്തു.
സാമൂഹിക മാധ്യമങ്ങളിൽ വ്യാപകവിമർശനമാണ് ചിരഞ്ജീവിക്കെതിരെയുയരുന്നത്.























