18കാരി ജീവനൊടുക്കി, പിന്നാലെ കൈഞരമ്പ് മുറിച്ചു; ആശുപത്രിയിൽനിന്ന് കടന്നുകളഞ്ഞ19കാരൻ തൂങ്ങിമരിച്ച നിലയിൽ

മലപ്പുറം: നിക്കാഹ് കഴിഞ്ഞ് ദിവസങ്ങൾക്കകം പതിനെട്ടുകാരി ജീവനൊടുക്കിയതിനു പിന്നാലെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അയൽവാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കാരക്കുന്ന് സ്വദേശി സജീർ (19) ആണു മരിച്ചത്. ഈ മാസം 3ന് ആമയൂർ റോഡ് പുതിയത്ത് വീട്ടിൽ പരേതനായ ഷർഷ സിനിവറിന്റെ (ഇബ്നു) മകൾ ഷൈമ സിനിവറിനെ (18) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ സജീർ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നു എന്നാണു വിവരം. ഇന്നു രാവിലെ എടവണ്ണയിലാണു സജീറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കൈഞരമ്പ് മുറിച്ചതിനെ തുടർന്നു ചികിത്സയിലായിരുന്ന സജീർ, വീട്ടിലെത്തിയ ശേഷം ശുചിമുറി കഴുകാനുപയോഗിക്കുന്ന ലായനി എടുത്ത് കുടിച്ച് വീണ്ടും ആശുപത്രിയിലായി. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സജീർ ആരുമറിയാതെ ഇവിടെനിന്നു കടന്നുകളഞ്ഞു. പിന്നീടു നടത്തിയ അന്വേഷണത്തിലാണ് എടവണ്ണ പുകമണ്ണിൽ തൂങ്ങിമരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്.

ഷൈമയുടെ സമ്മതമില്ലാതെയാണു ബന്ധുക്കൾ നിക്കാഹ് നടത്തിയത്. ഇതിനു പിന്നാലെ ഷൈമ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. പിതാവ് മരിച്ച ശേഷം പിതൃസഹോദരൻറെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത്. ജനുവരി അവസാനമായിരുന്നു ഷൈമയുടെ നിക്കാഹ്. മതാചാരപ്രകാരം ചടങ്ങ് നടത്തിയെങ്കിലും ഭർത്താവിന്റെ വീട്ടിലേക്ക് ഷൈമയെ കൂട്ടിക്കൊണ്ടു പോയിരുന്നില്ല.

നിക്കാഹിനു പെൺകുട്ടിക്കു സമ്മതക്കുറവുണ്ടായിരുന്നു എന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും വ്യക്തമായി. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി മറ്റൊരു നിക്കാഹിനു സമ്മതിക്കേണ്ടി വന്നതിലെ വിഷമത്തിലാണ് ഷൈമ ജീവനൊടുക്കിയതെന്നാണു വിവരം.