തിരുവനന്തപുരം: അടച്ചുറപ്പില്ലാത്ത വീട്ടിൽ എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചതിൽ ചികിത്സാ പിഴവുണ്ടായിട്ടില്ലെന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട്. പാമ്പ് കടിയേറ്റെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്ന് ഡിഎംഒക്ക് നൽകിയ റിപ്പോർട്ടിൽ വിശദീകരണം. രക്ത പരിശോധനയിൽ പ്രശ്‌നങ്ങൾ കണ്ടില്ലെന്നാണ് റിപ്പോർട്ട്. ആശുപത്രി സൂപ്രണ്ട് ഡിഎംഒയ്ക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ആശുപത്രിയിൽ ആന്റിവനം 27 വയൽ സ്റ്റോക്ക് ഉണ്ടായിരുന്നു എന്നും റിപ്പോർട്ടിലുണ്ട്. ചിറയിൻകീഴ് സ്വദേശികളായ ദിലീപ് – അനു ദമ്പതികളുടെ മകനാണ് ദിക്ഷൽ.

സംഭവത്തിന് ശേഷം നാട്ടുകാർ വീട്ടിൽ നടത്തിയ പരിശോധനയിൽ മൂർഖൻ പാമ്പിനെ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെ ആയിരുന്നു കുഞ്ഞിന് പാമ്പുകടിയേറ്റത്. ഉറക്കത്തിൽ നിന്ന് കുട്ടി ഞെട്ടി എണീറ്റ് തന്റെ കാലിൽ എന്തോ കടിച്ചെന്ന് വീട്ടുകാരോട് പറഞ്ഞു. ഉടൻ തന്നെ സമീപത്തെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. പ്രാഥമിക ചികിത്സ നൽകി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശവും നൽകി. ഇവിടെ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.


കുട്ടിയുടെ കാലിൽ പാമ്പിന്റെ കടിയേറ്റതായി ഇൻക്വസ്റ്റ് നടപടികളിൽ കണ്ടെത്തി. മരിച്ച ദിക്ഷൽ ചിറയിൻകീഴിലെ സ്വകാര്യ സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥി ആയിരുന്നു. ദിക്ഷലിനെ കൂടാതെ ദിലീപ്- ദമ്പതികൾക്ക് മറ്റൊരു കുഞ്ഞ് കൂടിയുണ്ട്.























