മലപ്പുറം: വാൽപ്പാറയിൽ നിന്നുള്ള മടക്കയാത്രയിലുണ്ടായ വാഹനാപകടത്തിൽ രക്ഷിതാക്കളെ പോലെ ചേർത്തു പിടിച്ച അഞ്ച് അധ്യാപകരെയാണ് പാങ്ങ് ജിഎൽപി സ്കൂളിലെ കുട്ടികൾക്ക് നഷ്ടമായത്. ആ നീറ്റലിന് അൽപം ആശ്വാസമായി വലിയ ഉത്തരവാദിത്വം ഏറ്റെടുത്ത് പുതിയ അധ്യാപകർ സ്കൂളിലെത്തി. കെകെ രാഖി, വിപി ഫസീല, പി ഷമീന, അബ്ദുൾ മജീദ് കൊട്ടക്കാരൻ എന്നിവരാണ് പുതുതായെത്തിയ അധ്യാപകർ. പാങ്ങ് ഗവ. യുപി സ്‌കൂളിലെ പ്രഥമാധ്യാപകൻ കെ അഹമ്മദ് കുട്ടിക്ക് ജിഎൽപി സ്‌കൂളിന്റെ അധികച്ചുമതല നൽകി. രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന സംഘം വ്യാഴാഴ്ച സ്‌കൂളിൽ ഒത്തുചേർന്ന് പുതിയ അധ്യാപകർക്ക് സ്വീകരണം നൽകി.

പാങ്ങ് സ്വദേശിയായ കെകെ രാഖി പറങ്കിമൂച്ചിക്കൽ ജിഎൽപി സ്‌കൂളിൽ നിന്നാണ് വരുന്നത്. പൂക്കാട്ടിരി സ്വദേശിയായ വിപി ഫസീല പുത്തൂർ ജിഎൽപി സ്‌കൂളിൽ നിന്നും കൊളത്തൂർ സ്വദേശി പി ഷമീന കല്ലാർമംഗലം ജിഎൽപി.സ്‌കൂളിൽ നിന്നുമാണ് വരുന്നത്. കുട്ടികൾക്ക് നഷ്ടമായ മജീദ് മാഷിന് പകരം വന്നിരിക്കുന്നതും മറ്റൊരു മജീദ് മാഷാണ്. പാങ്ങ് പടിഞ്ഞാറ്റുംമുറി സ്വദേശി അബ്ദുൽ മജീദ് കൊട്ടക്കാരൻ കല്ലാർമംഗലം ജിഎൽപി സ്‌കൂളിൽ നിന്നാണ് വരുന്നത്. വിടപറഞ്ഞ അധ്യാപകരെ ഓർത്ത് വിതുമ്പുന്ന രക്ഷിതാക്കൾക്ക് പുതിയ അധ്യാപകർ ആത്മവിശ്വാസം നൽകി. എഇഒ അമീറയുടെയും പ്രഥമാധ്യാപകൻ കെ. അഹമ്മദ് കുട്ടിയുടെയും നേതൃത്വത്തിലാണ് ഇവരെ നാട്ടുകാർക്കും രക്ഷിതാക്കൾക്കും പരിചയപ്പെടുത്തിയത്. കുറുവ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾസലാം പാലത്തിങ്ങൽ യോഗം ഉദ്ഘാടനം ചെയ്തു. ബുധനാഴ്ച മരിച്ച ഡ്രൈവർ നൗഷാദിനായി മൗനപ്രാർഥനയ്ക്കുശേഷമാണ് യോഗം തുടങ്ങിയത്. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ. അബ്ദുൾ അസീസ് അധ്യക്ഷനായി.

























