തിരുവന്തപുരം: നാമനിർദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ നല്‍കിയെന്നാരോപിച്ച് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻ.ഡി.എ. സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിനെതിരേ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. തെറ്റായ സ്വത്ത് വിവരങ്ങളാണ് രാജീവ് ചന്ദ്രശേഖർ സത്യവാങ്മൂലത്തിൽ നൽകിയതെന്നാണ് പരാതി. ജൂപീറ്റർ ക്യാപിറ്റൽ ഉൾപ്പെടെയുള്ളവയുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ പരാതിയിൽ എൽ.ഡി.എഫ്. പറയുന്നു.

നേരത്തെ മഹിളാ കോൺഗ്രസ് നേതാവും സുപ്രീം കോടതി അഭിഭാഷകയുമായ അവനി ബൻസാൽ സമാനമായ പരാതി വരണാധികാരിയായ ജില്ലാ കളക്ടർക്ക് ഓൺലൈനായി നൽകിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പത്രിക തള്ളണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രാജീവിന്റെ പത്രിക വരണാധികാരി അംഗീകരിച്ചതിനാൽ ഇനി ഇടപെടാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കുകയായിരുന്നു.


2021-22 സാമ്പത്തികവർഷം 680 രൂപയ്ക്കും 2022-23-ൽ 5,59,200 രൂപയ്ക്കും മാത്രമേ ആദായനികുതി റിട്ടേൺ നൽകിയൂള്ളൂ എന്നതടക്കമുള്ള വിവരങ്ങളാണ് അവനി ചൂണ്ടിക്കാട്ടിയത്. 2018-ൽ രാജ്യസഭാ സ്ഥാനാർഥിയായപ്പോഴും സ്വത്തിന്റെ യഥാർഥ കണക്ക് നൽകിയില്ലെന്നും പരാതിയിലുണ്ട്. സ്വത്തുവിവരം മറച്ചുവെച്ചതിനാൽ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫും പരാതി നല്‍കിയിട്ടുണ്ട്.























