മഴ പെയ്തിട്ടും ശമനമില്ല; സംസ്ഥാനത്ത് ചൂട് കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. സംസ്ഥാനത്ത് മഞ്ഞ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതൽ 11 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 40°C വരെയും തൃശൂർ ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38°C വരെയും, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 -4 °C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതേസമയം, മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അതിനാൽ ജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.