രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസിൽ സ്ത്രീ വിരുദ്ധ പരാമർശം; രമേഷ് പിഷാരടിക്കെതിരെ പരാതി

പാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിള മോർച്ച.സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മഹിളാ മോർച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

‘സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ചോദ്യത്തിന് പീഡനമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്, അതിൽ താൻ അഭിപ്രായം പറയുന്നത് ശരിയല്ല, എന്ന പരാമർശമാണ് പിഷാരടി നടത്തിയത്’ ഇത് സ്ത്രീവിരുദ്ധമാണ് എന്നാണ് മഹിളാ മോർച്ചയുടെ വാദം. ഇത് ചൂണ്ടിക്കാട്ടിയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇത്തരമൊരാൾ ഒരു കാരണവശാലും പൊതുരംഗത്ത് മുന്നോട്ട് പോകുന്നത് ശരിയല്ല, ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ പ്രധാനമായും ഉന്നയിക്കുന്നത്. ബലാത്സംഗം വ്യക്തിപരമായി ചിത്രീകരിക്കുക വഴി ബലാത്സംഗത്തിൽ അകപ്പെട്ട ഇരകളെയും സ്ത്രീത്വത്തെയും അവഹേളിക്കുകയാണ് പിഷാരടി ചെയ്തതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് മഹിളാ മോർച്ചാ ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.

പിഷാരടിയെ വടക്കുന്തറയിൽ തടഞ്ഞതിൽ കോൺഗ്രസ് പരാതി നൽകിയിരുന്നു. ബിജെപി വനിത കൗൺസിലർ ഉൾപ്പെടെ 3 ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ നടപടികള പുരോഗമിക്കുന്നതിനിടെയാണ് മഹിള മോർച്ച പിഷാരടിക്കെതിരെ പരാതി നൽകിയിരിക്കുന്നത്.