വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; ദേഹത്ത് പെട്രോൾ ഒഴിച്ച് കോൺഗ്രസ് പ്രവർത്തകന്റെ ആ*ത്മഹത്യാശ്രമം

കോട്ടയം: വിഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോട്ടയം കുറുപ്പുന്തറ കവലയിലാണ് സംഭവം. കോൺഗ്രസ് പ്രവർത്തകനായ ഫ്രാൻസിസാണ് ആത്മഹത്യാശ്രമം നടത്തിയത്. രാവിലെ 10 മണിയോടെ പെട്ടി ഓട്ടോയിലാണ് ഇയാൾ കുറുപ്പന്തറ കവലയിലെത്തിയത്. തുടർന്ന് വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് ഓട്ടോയിൽ കയറി ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു.

ലൈറ്ററുമായി നിന്ന ഫ്രാൻസിസിനെ, സ്ഥലത്തെത്തിയ കുറുപ്പന്തറ പൊലീസ് അനുനയിപ്പിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിഡി സതീശനെ മുഖ്യമന്ത്രിയാക്കുമെന്ന് പറഞ്ഞാണ് പൊലീസ് ഫ്രാൻസിസിനെ അനുനയിപ്പിച്ചതെന്നാണ് വിവരം. ജനങ്ങളുടെ വോട്ടുമേടിച്ച ശേഷം ജനങ്ങളെ പറ്റിക്കരുതെന്നാണ് ഇയാൾ ആവശ്യപ്പെടുന്നത്. വിഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഇന്നലെ പ്രകടനങ്ങൾ നടന്നിരുന്നു. കോൺഗ്രസിൽ നോക്കുകൂലി വേണ്ടെന്നും, വിജയത്തിനായി പ്രവർത്തിച്ച പടനായകനെ തന്നെ നാടിന്റെ നായകനാക്കണമെന്നും കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു.