തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണായക നീക്കങ്ങൾ കോൺഗ്രസിൽ സജീവമാകുമ്പോൾ എംഎൽഎമാർ ആരെയാണു പിന്തുണച്ചതെന്ന വിവരം പുറത്ത്. ഇന്നലെ കെപിസിസി ആസ്ഥാനത്തു നടന്ന നിയമസഭാകക്ഷി യോഗത്തിനും എംഎൽഎമാരുമായുള്ള കൂടിക്കാഴ്ചയ്ക്കും ശേഷം പുറത്തുവന്ന എഐസിസി നിരീക്ഷകൻ മുകുൾ വാസ്‌നിക്കിന്റെ കൈയിലിരുന്ന രേഖയുടെ ചിത്രമാണ് ന്യൂ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടത്. ഇതിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവർ കെ.സി.വേണുഗോപാലിനെ പിന്തുണച്ചതായി ചിത്രത്തിൽ കാണുന്നു. അതേസമയം, നിരീക്ഷകർക്ക് മുന്നിൽ പക്ഷം പിടിച്ചില്ലെന്നും നിഷ്പക്ഷത പാലിച്ചെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയതായി പുറത്തുവന്ന ചിത്രങ്ങൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സണ്ണി ജോസഫിനെ കൂടാതെ സന്ദീപ് വാരിയർ, സജീവ് ജോസഫ്, ടി.ഒ.മോഹനൻ, ഉഷാ വിജയൻ, ടി.സിദ്ദിഖ് എന്നിവരുടെ പേരിനു നേരെ ‘കെ.സി’ എന്നു രേഖപ്പെടുത്തിയിട്ടുള്ള രേഖയാണ് മുകുൾ വാസ്നിക്കിന്റെ കൈയിലുള്ളത്. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഐ.സി.ബാലകൃഷ്ണൻ കെ.സി. എന്നും ആർ.സി. എന്നും അറിയിച്ചിട്ടുണ്ട്. എഐസിസി നിരീക്ഷകർ നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയിൽ, തിരഞ്ഞെടുക്കപ്പെട്ട 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും വേണുഗോപാലിന്റെ പേരാണ് നിർദ്ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.


ചെന്നിത്തലയ്ക്ക് എട്ട് എംഎൽഎമാരുടെയും വി.ഡി.സതീശന് 6 പേരുടെയും പിന്തുണ മാത്രമാണ് ലഭിച്ചതെന്നാണു വിവരം. സതീശനും ചെന്നിത്തലും ഇന്നലെ നിരീക്ഷകരെ കണ്ട് നിലപാട് അറിയിച്ചിരുന്നു. മുഖ്യമന്ത്രിയെ നാമനിർദ്ദേശം ചെയ്യാൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ ചുമതലപ്പെടുത്തി കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയിരുന്നു. ഹൈക്കമാൻഡ് ചർച്ചകൾക്കു ശേഷം ശനിയാഴ്ചയോ ഞായറാഴ്ചയോ പ്രഖ്യാപനം ഉണ്ടായേക്കും. തുടർന്ന് രണ്ട് ദിവസത്തിനകം പുതിയ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ട്.























