ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതി; സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലികൊടുത്തു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ചടങ്ങിൽ പങ്കെടുത്തു. 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. പോൾ ചെയ്ത 767 വേട്ടിൽ 452 വോട്ടുകളാണ് സി പി രാധാകൃഷ്ണന് ലഭിച്ചത്.

പാർലമെന്റിന്റെ ഇരുസഭകളിലും ആയി 98.3% പോളിംഗ് ആണ് രേഖപ്പെടുത്തിയത് . 13 എം പിമാർ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. പ്രതിപക്ഷത്തു നിന്നും 19 പേർ എൻഡിഎ സ്ഥാനാർഥിക്ക് അനുകൂലമായി വോട്ട് ചെയ്തു. 439 വോട്ടുകളാണ് എൻഡിഎ പരമാവധി പ്രതീക്ഷിച്ചതെങ്കിലും 15 വോട്ടുകൾ അസാധുവായതിനുശേഷം എൻഡിഎയ്ക്ക് 452 വോട്ടുകൾ ലഭിച്ചു. ഇന്ത്യാ സഖ്യത്തിന് 315 എംപിമാരാണ് ഉള്ളത്. സ്വതന്ത്രർ ഉൾപ്പെടെ ഒൻപത് പേർ പിന്തുണ അറിയിച്ചിരുന്നു. 324 വോട്ടാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും എതിർ സ്ഥാനാർഥിയും സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസുമായ സുദർശന റെഡിക്ക് 300 വോട്ടാണ് ലഭിച്ചത്.