തിരുവനന്തപുരം: സിപിഐഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എസ് രാജേന്ദ്രന് അംഗത്വം നൽകി. വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പാർട്ടി മാറ്റമെന്ന് എസ് രാജേന്ദ്രൻ പറഞ്ഞു. ബിജെപി പ്രവേശനത്തിൽ ഉപാധികൾ വെച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമില്ലെന്നും എസ് രാജേന്ദ്രൻ പറഞ്ഞു. എന്നാൽ താൻ പൂർണ്ണമായി ബിജെപിയിലാണ് എന്ന് പറയാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ലെന്ന രാജേന്ദ്രന്റെ പരാമർശം ബിജെപി നേതാക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി.

ഞാൻ പ്രമുഖൻ ഒന്നുമല്ല. ദീർഘകാലമായി രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാലഞ്ചു വർഷക്കാലം പൊതുരംഗത്ത് ഉണ്ടായിരുന്നു. മാനസികമായ പ്രയാസങ്ങൾ ഉണ്ട്. സ്വീകരിച്ച രാഷ്ട്രീയത്തെ ഒരുകാലത്തും ചതിക്കുകയോ അതിനെതിരെ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല കഴിഞ്ഞ ദിവസം വരെ ചെയ്തിട്ടില്ല. പലതും സഹിച്ചിട്ടുണ്ട്. പുറത്തേക്കുള്ള വാതിൽ തുറന്നിട്ടിരിക്കുന്നു എന്നാണ് സിപിഐഎം നേതാക്കൾ അധിക്ഷേപിച്ചത്. പലപ്പോഴും ഉപദ്രവിക്കരുത് എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തോട്ടം മേഖലയിൽ സർക്കാരിന്റെ സഹായം ആവശ്യമുണ്ട്. ഹൈറേഞ്ച് മേഖലയുടെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് ബിജെപി സംസ്ഥാന അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത്. തോട്ടം മേഖലയുടെ വിഷയങ്ങൾ പരിഹരിക്കണം. ആരെയും അടർത്തിക്കൊണ്ടു പോകണമെന്ന് ആഗ്രഹമില്ല. പൂർണ്ണമായി ബിജെപിയിലാണ് എന്ന് പറയാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല – അദ്ദേഹം പറഞ്ഞു.


2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് സിപിഐഎമ്മുമായി മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ തെറ്റിയത്. ദീർഘനാളായി ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങളും ചർച്ചകളും നിലനിൽക്കെയാണ് എസ് രാജേന്ദ്രന്റെ ബിജെപി പ്രവേശനം . ബിജെപി സംസ്ഥാന കാര്യാലയമായ കെ ജി മാരാർ ഭവനിലെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ചു.
ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും കേന്ദ്രം ഇതിന് മുൻകൈയെടുക്കും എന്നും രാജിവ് ചന്ദ്രശേഖർ പറഞ്ഞു.























