രാഹുലിനെതിരെ മൊഴി നൽകുമെന്ന് സമ്മതിച്ച് ദുരനുഭവം നേരിട്ടവർ; ഗർഭഛിദ്രം നടത്തിയ യുവതിയുടേയും മൊഴിയെടുക്കും

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ ആരോപണമുന്നയിച്ച സ്ത്രീകളുടെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് നീക്കം. സാഷ്യൽ മീഡിയയിൽ പിന്തുടർന്ന് ശല്യപ്പെടുത്തി എന്ന് ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയ സ്ത്രീകളുടെ മൊഴിയെടുക്കാൻ ആണ് ക്രൈംബ്രാഞ്ച് നീക്കം. രാഹുൽ ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ച പെൺകുട്ടി ഉൾപ്പെടെ മൊഴി നൽകിയേക്കും. ഇരകളായ പല സ്ത്രീകളും മൊഴി നൽകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായാണ് വിവരം. ഇതോടെ രാഹുലിന് കുരുക്ക് മുറുകും. പ്രത്യേക അന്വേഷണം സംഘത്തെ രൂപീകരിച്ചുകൊണ്ട് എംഎൽഎക്കെതിരെ ശക്തമായ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നത്.

ഇരകളാക്കപ്പെട്ടവർക്ക് പരാതിയുണ്ടെങ്കിൽ കേസിന് ബലം കൂടുമെന്നാണ് കണക്ക് കൂട്ടൽ. പരാതി നൽകാൻ തയ്യാറായില്ലെങ്കിൽ മൊഴി രേഖപ്പെടുത്തിയ ശേഷം രാഹുലിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. തൽക്കാലം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നേക്കില്ല. അതേസമയം രാഹുൽ വിഷയത്തിൽ പ്രതിരോധത്തിലായ കോൺഗ്രസ് ഷാഫി പറമ്പിലിനെ മുൻനിർത്തി പ്രത്യാക്രമണത്തിന് തയ്യാറെടുക്കുകയാണ്. ഷാഫി പറമ്പിൽ എം.പിയുടെ വാഹനം തടഞ്ഞ ഡിവൈഎഫ്‌ഐ നടപടിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് നീക്കം.