രാജേഷ് കേശവിന്റെ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്; ആരോഗ്യനിലയിൽ നേരിയ പുരോഗതി

നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ആൻജിയോപ്ലാസ്റ്റിക്ക് രാജേഷിനെ വിധേയനാക്കിയെന്നും വളരെ താഴ്ന്ന നിലയിലായിരുന്ന ബിപി സാധാരണ നിലയിലേക്ക് എത്തിയെന്നും ആശുപത്രി വാർത്താക്കുറിപ്പിൽ വിശദമാക്കുന്നു. ന്യൂറോ വിഭാഗവും രാജേഷിനെ നിരീക്ഷിക്കുന്നുവെന്നും ആശുപത്രി വിശദമാക്കി. നിലവിൽ അഡ്വാൻസ് ലൈഫ് സപ്പോർട്ടിന്റെ സഹായത്തോടെ ഐസിയുവിലാണ് രാജേഷുള്ളത്.

കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ പരിപാടിക്കിടെ ഞായറാഴ്ചയാണ് 47കാരനായ രാജേഷ് കേശവ് കുഴഞ്ഞ് വീണത്. െപട്ടന്നുണ്ടായ ഹൃദയാഘാതം രാജേഷിന്റെ തലച്ചോറിനെയും ബാധിച്ചുവെന്ന നിരീക്ഷണത്തിലാണ് ഡോക്ടർമാരുള്ളത്.

ടെലിവിഷനിൽ കരിയ‍ർ ആരംഭിച്ച രാജേഷ് മലയാളത്തിലെ പ്രമുഖ അവതാരകരിലൊരാളാണ്. നിരവധി ജനപ്രിയ റിയാലിറ്റി ഷോകളിലും ടോക്ക് ഷോകളിലും അവതാരകനായെത്തി.