കൊച്ചി: ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ പുതിയ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്. ആദ്യ സംഘത്തിൽ നിന്ന് വിവരങ്ങൾ രാഹുലിന് ചോരുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റൊരു സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഇതോടെ രാഹുലിനെ കണ്ടെത്തുന്നതിന് വേണ്ടി പിന്തുടർന്നുള്ള നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പുതിയ അന്വേഷണ സംഘം. രണ്ടാമത്തെ ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ മൊഴി ഉടൻ പുതിയ അന്വേഷണ സംഘം രേഖപ്പെടുത്തും.

പതിനൊന്ന് ദിവസമായിട്ടും രാഹുൽ എവിടെ ആണ് എന്നതിനെ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്. പലപ്പോഴും രാഹുൽ എവിടെ ആണ് എന്ന വിവരം ലഭിച്ച് അവിടെ എത്തുന്നതിന് അൽപ്പം മുൻപ് രാഹുൽ അവിടെ നിന്ന് കടന്നുകളയുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇത്തരത്തിൽ മൂന്ന് തവണയെങ്കിലും രാഹുലിന്റെ തൊട്ടടുത്ത് വരെ അന്വേഷണ സംഘം എത്തിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിന് കാരണം സംഘത്തിന്റെ നീക്കം സംബന്ധിച്ച വിവരങ്ങൾ രാഹുലിന് അപ്പോൾ തന്നെ ലഭിക്കുന്നത് കൊണ്ടാണ് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംഘത്തെ ക്രൈംബ്രാഞ്ച് നിയോഗിച്ചത്. പുതിയ അന്വേഷണ സംഘം ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.

























