തിരുവനന്തപുരം: ദുരൂഹതയുണർത്തിയ സുകുമാരക്കുറുപ്പ് തിരോധാനത്തിന്റെ കേസ് ഫയൽ ക്രൈം ബ്രാഞ്ച് പരിശോധിച്ചുവെന്ന് റിപ്പോർട്ട്. എന്നാൽ പുനരന്വേഷണത്തിന് വേണ്ടിയല്ല ഫയൽ പരിശോധിച്ചതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിശദീകരണം. കുറുപ്പിനെ കണ്ടെന്ന നെഴ്സിന്റെ മൊഴി ക്രൈംബ്രാഞ്ച് രേപ്പെടുത്തി. കൊൽക്കത്തയിൽ താൻ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ കുറുപ്പ് എത്തിയിരുന്നു എന്നാണ് മൊഴി. വർഷങ്ങൾക്കു മുമ്പേ പോലീസിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. 42 വർഷങ്ങൾക്ക് ശേഷം തിരോധാനം വീണ്ടും ചർച്ചയാകുമ്പോൾ പൊലീസ് നടപടികൾ പുനരാരംഭിക്കുമോ, സുകുമാരക്കുറുപ്പിനെക്കുറിച്ച് സൂചനകൾ ലഭിച്ചോ എന്ന സംശയവും ആകാംക്ഷയും ഉയരുകയാണ്.

1984ലാണ് ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോ വധവുമായി ബന്ധപ്പെട്ട് സുകുമാരക്കുറുപ്പ് ഒളിവിലാകുന്നത്. സുകുമാരക്കുറുപ്പിനെ പലയിടങ്ങളിൽ കണ്ടു എന്ന് പല കാലത്തും പൊലീസിന് സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ അത്തരത്തിൽ നാളിതുവരെ നടത്തിയ തിരച്ചിലുകളെല്ലാം വ്യർഥമാകുകയായിരുന്നു. ഏറെക്കാലം മറവിലാണ്ടുപോയ സുകുമാരക്കുറുപ്പ് പിന്നീട് ദുൽക്കർ സൽമാൻ നായകനായെത്തിയ കുറുപ്പ് എന്ന സിനിമയ്ക്ക് ശേഷം വീണ്ടും ചർച്ചകളിൽ നിറഞ്ഞിരുന്നു. അതുകഴിഞ്ഞും വർഷങ്ങൾക്ക് ശേഷമാണ് സുകുമാരക്കുറുപ്പിനെക്കുറിച്ച് ഇങ്ങനെയൊരു അപ്‌ഡേറ്റ് പുറത്തെത്തിയിരിക്കുന്നത്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് സൂക്ഷിച്ചിരുന്ന ഫയലാണ് ഇന്നലെ പൊടിതട്ടിയെടുത്തത്. ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പുനരന്വേഷണമില്ലെന്നാണ് സർക്കാർ വൃത്തങ്ങളും അറിയിക്കുന്നത്. ഉദ്യോഗസ്ഥർക്ക് പഠിക്കാനും പരിശോധിക്കാനും മാത്രം ഫയൽ തുറന്നെന്നാണ് നിഗമനം.

























