ചെന്നൈ: ടിവികെ റാലിക്കിടെ ദുരന്തമുണ്ടായപ്പോൾ ഒന്നും പ്രതിക്കരിക്കാതെ നടനും ടിവികെ അധ്യക്ഷനുമായ വിജയ് ചെന്നൈയിലെ വീട്ടിലേക്ക് മടങ്ങിയതിൽ രൂക്ഷ വിമർശനം ഉയരുന്നു. തിക്കിലും തിരക്കിലും പെട്ട് ദുരന്തമുണ്ടായതോടെ, വിജയ് ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും രാത്രി 10.10 ന് ചാർട്ടേഡ് ഫ്ലൈറ്റിൽ ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു. വിമാനത്താവളത്തിൽ കാത്തിരുന്ന മാധ്യമ പ്രവർത്തകരെ പോലും ഒഴിവാക്കി, ആരോടും ഒന്നും മിണ്ടാതെ വിജയ് തിരിച്ചുപോയത്. കരൂരിലെ ആശുപത്രികളിൽ സന്ദർശിച്ച് ദുരന്തത്തിന് ഇരയായവരുടെ ബന്ധുക്കളെയും, ചികിത്സയിലുള്ളവരെയും സമാശ്വസിപ്പിക്കാനും വിജയ് കൂട്ടാക്കിയിരുന്നില്ല.

കരൂരിലേക്ക് റോഡു മാർഗം എത്തിയ വിജയ് പ്രത്യേക വിമാനത്തിൽ ചെന്നൈയിലേക്ക് പോകുകയായിരുന്നു. ആളുകൾ മരിച്ചുവീണിട്ടും എസി മുറിയിലിരിക്കാനായി വിജയ് ഓടിപ്പോയെന്ന് ദുരന്തത്തിന്റെ ഇരകളുടെ ബന്ധുക്കൾ വിമർശിച്ചു. ദുരന്തത്തിൽ നടൻ വിജയിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ വിജയ് യുടെ പാർട്ടിയായ ടിവികെ പുലർത്തുന്ന മൗനത്തിനെതിരെയും വിമർശനം ഉയർന്നിട്ടുണ്ട്. ‘റാലിയിൽ 10000 പേർ മാത്രമേ പങ്കെടുക്കൂ എന്ന് ടിവികെ റാലിയുടെ സംഘാടകർ വ്യക്തമാക്കിയിരുന്നു. എന്നാൽ 50,000 മുതൽ 1 ലക്ഷം വരെ ആളുകൾ റാലിയിൽ പങ്കെടുത്തു. തമിഴ്നാട് പൊലീസ് ഏർപ്പെടുത്തിയ എല്ലാ നിബന്ധനകളും ലംഘിച്ചു. ഇത് വലിയ ആൾനാശത്തിന് വഴിവെച്ചു. നഷ്ടപ്പെട്ട ഓരോ ജീവനും വിജയ് ഉത്തരവാദിയാണ്,’ ഡിഎംകെ വക്താവും ഐടി വിങ് സെക്രട്ടറിയുമായ സേലം ധരണീധരൻ പറഞ്ഞു.


സംഭവം ഭയാനകമാണെന്ന് പറഞ്ഞ ഡിഎംകെ നേതാവ് ധരണീധരൻ, ആളുകൾ റീൽ ജീവിതവും യഥാർത്ഥ ജീവിതവും തമ്മിൽ വേർതിരിച്ചറിയാൻ പഠിക്കണമെന്നും അഭിപ്രായപ്പെട്ടു. ജനങ്ങൾ ആദ്യം നിങ്ങളുടെ സ്വന്തം ജീവിതം പരിപാലിക്കാൻ പഠിക്കേണ്ടതുണ്ട്. ആരെങ്കിലും ഒരു നടനെ അഞ്ച്-ആറ് മണിക്കൂർ കാത്തിരിക്കേണ്ടത് എന്തിനാണ്? ആദ്യ മീറ്റിങ്ങ് 8:45 ന് നാമക്കലിൽ നടത്താൻ തീരുമാനിച്ചത്. എന്നാൽ ഈ മാന്യൻ 8:45 ന് മാത്രമാണ് വിമാനത്തിൽ പുറപ്പെട്ടത്. നാല് മണിക്കൂർ വൈകിയാണ് നാമക്കലിൽ എത്തിയത്. ധരണീധരൻ പറഞ്ഞു.
വിജയ് യുടെ മുൻ റാലിയിൽ പോലും, അദ്ദേഹത്തിന്റെ വരവിനായി കൊടും വെയിലിൽ കാത്തിരുന്നതിനാൽ ആളുകൾ ബോധരഹിതരായി. ആളുകൾ എന്തിനാണ് കാത്തിരിക്കുന്നത്? ആളുകൾ എന്തിനാണ് കാത്തിരിക്കേണ്ടത്? അതാണ് ആദ്യത്തെ ചോദ്യം. ആളുകൾ എന്തിനു വേണ്ടിയാണ് എല്ലാ ജോലികളും ഉപേക്ഷിച്ച് വന്നത്? അയാളെ ഒരുനോക്കു കാണുക എന്ന ലക്ഷ്യത്തോടെയാണ്. ദുരന്തമുണ്ടായപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കാൻ പോലും നിൽക്കാതെ അയാൾ ഓടിപ്പോയി. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്ന ഒരാളെ നിങ്ങൾ തെരഞ്ഞെടുക്കണോ? . ധരണീധരൻ ചോദിച്ചു.
ദുരന്തത്തിൽ മരിച്ചവരിൽ പലരും കുടുംബത്തിന്റെ ആശ്രയമായിരുന്നവരാണ്. അവരുടെ മരണം ആ കുടുംബങ്ങളെ പൂർണ്ണമായും നശിപ്പിച്ചേക്കാം. അതിനാൽ കുറഞ്ഞത് വിജയ് അവിടെ നിൽക്കുകയും അനുശോചനം അറിയിക്കുകയും താൻ അവരെ പരിപാലിക്കും എന്ന് പറയുകയും ചെയ്യണമായിരുന്നു. പകരം, അദ്ദേഹം ഓടിപ്പോയി. ഇത് ഭയാനകമാണ്. ആർക്കും വന്ന് എന്ത് വേണമെങ്കിലും സംസാരിക്കാവുന്ന നാടകമല്ല രാഷ്ട്രീയമെന്ന് ധരണീധരൻ പറഞ്ഞു.























