ദിലീപ് കുറ്റക്കാരനാണെന്ന് ഒരുഘട്ടത്തിലും തോന്നിയിട്ടില്ല ; രമേശ് പിഷാരടി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെ വിട്ടതില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ രമേശ് പിഷാരടി. ദിലീപ് കുറ്റക്കാരനാണെന്ന് തോന്നിയിട്ടില്ലെന്നായിരുന്നു പിഷാരടിയുടെ പ്രതികരണം. ദിലീപ് കുറ്റക്കാരനാണെന്ന് പറഞ്ഞയാളെ എനിക്ക് വ്യക്തിപരമായി പരിചയമില്ല. അയാള്‍ പറഞ്ഞയുടനെ ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കാന്‍ കഴിയുന്ന തെളിവുകള്‍ തന്റെ കൈവശമുണ്ടായിരുന്നില്ലെന്നും രമേശ് പിഷാരടി പറഞ്ഞു. കൊച്ചിയില്‍ വോട്ടുചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘വിധിയെക്കുറിച്ച് ഞാന്‍ എന്താണ് പറയേണ്ടത്? വിധിയെക്കുറിച്ചുള്ള എന്റെ അഭിപ്രായത്തിന് പ്രസക്തി ഉണ്ടെന്ന് തോന്നുന്നില്ല. എട്ടു വര്‍ഷത്തോളം നീണ്ട വിചാരണയായിരുന്നു. അതിനുശേഷമാണ് വിധി വന്നത്.’ രമേശ് പിഷാരടി പ്രതികരിച്ചു.

‘നീതിയുമായി ബന്ധപ്പെട്ട് എനിക്ക് തോന്നുന്ന കാര്യം, ഒരു വിഭാഗം ആളുകളോ ഞാനോ നിങ്ങളോ മാധ്യമങ്ങളോ ഒക്കെ തീരുമാനിക്കുന്ന ഒരു നീതിയുണ്ട്. അവിടെ വരുന്ന കാര്യങ്ങള്‍ കൂട്ടിക്കിഴിച്ച് നോക്കി കോടതി പറയുന്ന ഒരു നീതിയുമുണ്ട്. ഈ രണ്ട് നീതികള്‍ തമ്മില്‍ എപ്പോഴും പൊരുത്തക്കേടുകള്‍ ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. എല്ലാവര്‍ക്കും സ്വാഗതമായ, ഒരുപോലെ അംഗീകരിക്കുന്ന വിധികള്‍ ഉണ്ടാകാറില്ല. അങ്ങനെ ചിന്തിക്കുമ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം കോടതി പറഞ്ഞത് ഇപ്പോഴത്തെ സാഹചര്യത്തില്‍ വിശ്വസിക്കുക എന്നുള്ളതാണ് എനിക്ക് പറ്റുന്ന കാര്യം.’ രമേശ് പിഷാരടി പറഞ്ഞു.

‘ഞാന്‍ ഇത് അന്വേഷിക്കുകയോ, മാധ്യമങ്ങളിലൂടെ അറിയുന്നതിനപ്പുറം ഇതിനു പുറകെ പോയിട്ടുള്ള ഒരാളോ അല്ല. അപ്പോള്‍ കോടതി പറയുന്നു ഇത്ര ആളുകളാണ് ഇത് ചെയ്തിട്ടുള്ളത്, ഇന്നയാള്‍ ഇതിനകത്തില്ല എന്ന് പറയുമ്പോള്‍, അതിനപ്പുറത്തേക്ക് ഒരു കാര്യം പ്രസ്താവനയായി വെക്കത്തക്ക രീതിയില്‍ എന്റെ കയ്യില്‍ ഒന്നുമില്ല.’ നടന്‍ വ്യക്തമാക്കി. ‘ദിലീപ് കുറ്റംചെയ്തിട്ടില്ലെങ്കില്‍ വേട്ടയാടലാണ്, അത് നമുക്ക് അറിയില്ലല്ലോ. അത് അദ്ദേഹമാണ് പറയേണ്ടത്. ഞാന്‍ ഇത്ര കൊല്ലം വേട്ടയാടപ്പെട്ടു എന്ന് ഇന്നലെ അദ്ദേഹം പറഞ്ഞു. ഇനി അത് അദ്ദേഹം തെളിയിക്കണം. എന്നെ സംബന്ധിച്ചിടത്തോളം കോടതി എടുത്ത ഒരു തീരുമാനത്തിനപ്പുറത്തേക്ക് ഇതിനെക്കുറിച്ച് അന്വേഷിച്ചു നടന്നിട്ടില്ലാത്ത ഞാന്‍ ഒരു അഭിപ്രായം പറയുന്നത് എളുപ്പമല്ല. കോടതി പറഞ്ഞത് വിശ്വസിക്കാനേ പറ്റൂ.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഏതെങ്കിലും ഒരു ഘട്ടത്തില്‍ അങ്ങനെ തോന്നിയിട്ടില്ല. കാരണം എനിക്ക് തോന്നാന്‍ എന്റെ കയ്യില്‍ ഒന്നും ഇല്ലായിരുന്നു. അങ്ങനെ ഒരു കേസ് കേട്ട ഉടനെ ഒരാള്‍ കുറ്റക്കാരനാണെന്നു തോന്നാന്‍ എനിക്ക് പറ്റില്ലല്ലോ. കാരണം ഇത് പറഞ്ഞ ആളെ എനിക്ക് വ്യക്തിപരമായി പരിചയമില്ല. അയാള്‍ പറയുകയാണ് ഈ ആള്‍ പറഞ്ഞിട്ടാണ് താന്‍ ചെയ്തത് എന്ന്. അതുകേട്ട ഉടനെ എനിക്ക് കുറ്റക്കാരനാണെന്ന് ചിന്തിക്കാനുള്ള ഒന്നും എന്റെ കയ്യിൽ ഇല്ല.’ ഏതെങ്കിലും ഘട്ടത്തില്‍ ദിലീപ് കുറ്റക്കാരനാണെന്ന തോന്നല്‍ ഉണ്ടായിട്ടുണ്ടോയെന്ന ചോദ്യത്തോട് രമേശ് പിഷാരടി പ്രതികരിച്ചു.