ജീവിക്കാൻ വേണ്ടി ജീവൻ കളയണോ? അപകടകരമായ സ്‌കൂട്ടർ യാത്രയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് എംവിഡി

അപകടകരമായ സ്‌കൂട്ടർ യാത്രയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് എംവിഡി. ഒരാൾ സ്‌കൂട്ടറിൽ പുല്ലിന്റെ വലിയ കെട്ടുമായി പോകുന്നതിന്റെ ദൃശ്യങ്ങളാണ് മോട്ടോർ വാഹന വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. തലയിൽ ഹെൽമറ്റെല്ലാം ധരിച്ചാണ് യാത്രയെങ്കിലും അദ്ദേഹം ഇരിക്കുന്നത്‌ പിന്നിലെ യാത്രക്കാരൻ ഇരിക്കേണ്ട സീറ്റിലാണ്. സ്‌കൂട്ടറിന്റെ പ്ലാറ്റ്‌ഫോം മുതൽ മുന്നിലെ സീറ്റിന്റെ മുകളിൽ വരെ വലിയ ഉയരത്തിലാണ് പുല്ല് കെട്ടി വെച്ചിരിക്കുന്നത്. പുല്ലിന്റെ കെട്ടിന് മുകളിലൂടെ വളരെ ബുദ്ധിമുട്ടിയാണ് അദ്ദേഹം സ്‌കൂട്ടറിന്റെ ഹാൻഡിലിൽ പിടിച്ചിരിക്കുന്നത്.

ഒറ്റനോട്ടത്തിൽ തന്നെ അങ്ങേയറ്റം അപകടകരമാണെന്ന് മനസിലാകുന്ന തരത്തിലാണ് ഈ സ്‌കൂട്ടറുകാരന്റെ യാത്ര. ഒരു അത്യാവശ്യ സാഹചര്യം വന്നാൽ സ്‌കൂട്ടർ നിർത്താനോ കാൽ നിലത്ത് കുത്താനോ സാധിക്കില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ജീവിക്കാൻ വേണ്ടിയാണെന്ന് അറിയാം, പക്ഷെ അതിന് ജീവൻ കളയണോ എന്ന കുറിപ്പോടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.