മൃണാൾ താക്കൂറും ധനുഷും ഡേറ്റിങ്ങിൽ? കുടുംബാംഗങ്ങൾക്ക് മൃണാളിനെ ധനുഷ് പരിചയപ്പെടുത്തിയതായി സൂചന

ധനുഷിന്റെ വരാനിരിക്കുന്ന സിനിമയിലെ ഗാനം ആസ്വദിക്കുന്ന മൃണാൽ താക്കൂറിന്റെ വിഡിയോ പുറത്തുവന്നതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹം. ധനുഷിന്റെ സഹോദരിമാരെ മൃണാൾ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നു എന്നുകൂടി കണ്ടെത്തിയതോടെ ഇരുവരും തമ്മിൽ ഡേറ്റിങ്ങിലാണെന്ന് ആരാധകർ ഉറപ്പിച്ചിരിക്കുകയാണ്. ധനുഷിന്റെ സഹോദരിമാരായ വിമല, ഗീത, കാർത്തിക എന്നിവരെ മൃണാൾ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.

കുടുംബാംഗങ്ങൾക്ക് ധനുഷ് മൃണാളിനെ പരിചയപ്പെടുത്തി എന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് ആരാധകപക്ഷം. ധനുഷിന്റെ ‘ഇഡ്‌ലി കടൈ’ എന്ന ചിത്രത്തിലെ ഗാനം ആസ്വദിക്കുന്ന മൃണാൾ, ചിത്രത്തിനു നിങ്ങൾ ടിക്കറ്റ് എടുക്കണമെന്ന് ആരാധകരോട് അഭ്യർഥിക്കുന്നതും വിഡിയോയിലുണ്ട്. ചിത്രത്തിലെ ‘എന്ന സുഖം’ എന്ന ഗാനം മൃണാൾ പാടുകയും ചെയ്യുന്നു.

എന്നാൽ ഡേറ്റിങ്ങിലാണെന്ന വാർത്തകളോട് ധനുഷും മൃണാളും ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ മൃണാൾ താക്കൂറിന്റെ സ്പോട്ടിഫൈയിൽ ഇളയരാജ ഗാനങ്ങളുടെ പ്ലേലിസ്റ്റ് ആരാധകർ കണ്ടെത്തിയിരുന്നു. ഇത് ‘ചെങ്കിസ്’ എന്നു പേരുള്ള ഒരു അക്കൗണ്ടുമായി ഷെയർ ചെയ്തിട്ടുണ്ട്. ധനുഷിന്റെ ഇഷ്ടപ്പെട്ട വളർത്തുനായയുടെ പേര് ചെങ്കിസ് എന്നാണ്. ഈ പ്ലേലിസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത് ധനുഷിനാണെന്നും ആരാധകർ പറയുന്നു. മൃണാളിന്റെ പിറന്നാൾ ആഘോഷത്തിലും ധനുഷ് പങ്കെടുത്തിരുന്നു.