ചെന്നൈ: രാഷ്ട്രീയ പ്രവേശന ചർച്ചകൾക്ക് വഴിവെച്ച് നടൻ ധനുഷിന്റെ പ്രസംഗം. ആരാധകരോട് പൊതു പ്രവർത്തനത്തിന് ആഹ്വാനം ചെയ്യുന്ന പ്രസംഗമാണ് വൈറലാവുന്നത്. ആരാധകർ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധനുഷ്. സിനിമാ ആഘോഷങ്ങൾക്കപ്പുറം ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമാകാനാണ് ധനുഷ് ആരാധകരോട് ആഹ്വാനം ചെയ്യുന്നത്.

‘ഒരിടത്ത് നിരവധി പേർ ഒത്തുചേർന്നിരിക്കുകയാണ്. ഇത്തരമൊരു ഐക്യത്തിന് വലിയ ശക്തിയുണ്ട്. ഒരു ലക്ഷ്യത്തിനായി നമുക്ക് ഈ ശക്തിയെ ഉപയോഗിക്കണം. ഓഡിയോ ലോഞ്ചിനും മീറ്റപ്പിനും അപ്പുറം ക്ഷേമ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങളുടെ പ്രദേശത്തെ ആളുകളുടെ ആവശ്യങ്ങൾ അറിഞ്ഞ് സാധിക്കുന്ന രീതിയിൽ ക്ഷേമപ്രവർത്തനങ്ങൾ ചെയ്യണം. അവർക്ക് വേണ്ടി എന്താണോ നിങ്ങൾക്ക് ചെയ്യാനാവുക അതെല്ലാം ചെയ്യുക. എനിക്ക് നിങ്ങളിൽ കൂടുതൽ അഭിമാനം തോന്നണം. നിങ്ങളത് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു’, ധനുഷ് ആഹ്വാനം ചെയ്തു.


പ്രസംഗം വൈറലായതോടെ ദളപതി വിജയ്ക്ക് പിന്നാലെ ധനുഷും രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുകയാണെന്ന പ്രചരണം ശക്തമായി. ഇതേവേദിയിൽ ‘റായൻ’ സിനിമയ്ക്ക് ദേശീയ അവാർഡ് കിട്ടിയതിലെ വിമർശനത്തിലും ധനുഷ് മറുപടി നൽകി. ”റായന് അടുത്തിടെ ദേശീയ അവാർഡ് ലഭിച്ചു. അതേ വർഷം തന്നെ റായൻ വന്നതിനേക്കാൾ നല്ല സിനിമകൾ ധാരാളം ഉണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. പുതുപ്പേട്ടൈ, വട ചെന്നൈ, കർണൻ, മരിയൻ, 3, രാഞ്ജന എന്നിവ പുറത്തിറങ്ങിയപ്പോൾ പലരും എനിക്ക് ദേശീയ അവാർഡ് ലഭിക്കുമെന്ന് പറഞ്ഞു, പക്ഷേ എനിക്ക് ലഭിച്ചില്ല. ആ സമയത്ത് ആരും എന്നെ പിന്തുണച്ചില്ല’, എന്നായിരുന്നു ധനുഷിന്റെ വാക്കുകൾ.




















