കൊച്ചി: ഡൽഹിയിൽ സിജെപി പ്രതിഷേധം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ നടത്തിയ പരാമർശത്തിൽ ക്ഷമ ചോദിച്ച് സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസ്. ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കാൻ തയാറാണെന്ന് ജാൻമണി ദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

“എൻറെ ഒരു വീഡിയോ ഭയങ്കര പ്രശ്നമായിപ്പോയി. സത്യം പറഞ്ഞാൽ അതെനിക്ക് അറിയില്ല. മീഡിയ ചോദിച്ചപ്പോൾ സംസാരിച്ചതാണ്. ചിലപ്പോൾ ഞാൻ മലയാളം പറയുന്നത് ശരിയാകാത്തതാകും കാരണം. രാവിലെ മുതൽ എനിക്ക് കുറേ ഭീഷണി കോളുകളും മെസേജുകളും വന്നപ്പോൾ കാര്യം മനസ്സിലായില്ല. എൻറെ ചില സുഹൃത്തുക്കൾ വിളിച്ച് അത് വലിയ പ്രശ്നമാണെന്ന് പറഞ്ഞു. അപ്പോൾ തന്നെ എൻറെ വീഡിയോ നൽകിയവരോടെല്ലാം ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. കുറേ ഭീഷണി കോളുകൾ ലഭിച്ചു. സൗദി അറേബ്യ, അബുദാബി, ഇന്ത്യ, കേരളം തുടങ്ങി എല്ലായിടത്തുനിന്നും കോളുകൾ വരുന്നു. സത്യം പറഞ്ഞാൽ ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല പറഞ്ഞത്. പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല പറഞ്ഞത്.


കണ്ടൻറുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്തത്, അല്ലാതെ മോദിജിയെക്കുറിച്ചല്ല. പരസ്യമായ ക്ഷമ പറയാൻ തയാറാണ്. വീഡിയോ വൈറലായതിനെ തുടർന്ന് ആളുകൾ എന്നോട് വളരെ ദേഷ്യത്തിലാണ്. ഒരു ചെറിയ കുട്ടിയാണെന്ന് വിചാരിച്ച് ക്ഷമിക്കണം. അതിൽ കൂടുതൽ പറയാൻ ഒന്നുമില്ല.” ജാൻമണി പറഞ്ഞു.
പ്രാധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ബിജെപി പരാതി നൽകിയിരുന്നു. സംസ്ഥാന വ്യാപകമായി വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകാനാണ് പ്രവർത്തകരോട് ആഹ്വാനം. പ്രധാനമന്ത്രിയേയും മാതാവിനേയും കുറിച്ച് അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തി എന്നാണ് പരാതിയിൽ പറയുന്നത്. ജാൻമണിക്കെതിരെ ക്രമിനൽ കേസെടുക്കണമെന്നാണ് ആവശ്യം.




















