സംസ്ഥാനത്ത് വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; പത്തനംതിട്ടയിൽ ദമ്പതിമാർക്ക് 1.40 കോടി രൂപ നഷ്ടമായി

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ വൃദ്ധ ദമ്പതിമാർക്ക് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ 1.4 കോടി രൂപയാണ് നഷ്ടമായത്. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് സംഭവം. മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പരിചയപ്പെടുത്തി ഒരു ഫോൺകോൾ വന്നതാണ് തട്ടിപ്പിന്റെ തുടക്കം. ദമ്പതിമാരിൽ ഭാര്യയുടെ ഫോൺ നമ്പറിലേക്കാണ് കോൾ വന്നത്. കുട്ടികളുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തിൽ ഇവരുടെ മൊബൈൽ നമ്പർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ തട്ടിപ്പുകാരൻ പറഞ്ഞത്.

ഇതിന്റെ ഭാഗമായി അക്കൗണ്ടിലെ പണം പരിശോധിക്കണമെന്നും നിർദേശിക്കുന്ന അക്കൗണ്ടിലേക്ക് ഇത് കൈമാറണമെന്നും ആവശ്യപ്പെട്ടു. റിസർവ് ബാങ്കിന്റെ പരിശോധനയ്ക്കായാണ് ഇത് കൈമാറുന്നതെന്നും പരിശോധന പൂർത്തിയായാൽ പണം തിരികെ നൽകുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ഇതോടെ വയോധിക തന്റെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന 90 ലക്ഷം രൂപ കൈമാറി. ഭർത്താവിന്റെ അക്കൗണ്ടിലെ പണവും സമാനരീതിയിൽ നൽകി. ആകെ 1.40 കോടി രൂപയാണ് ഇരുവരും കൈമാറിയത്.

എന്നാൽ പണം തിരികെ ലഭിച്ചില്ല. ഇതോടെയാണ് സംഭവം തട്ടിപ്പാണെന്ന് ഇവർക്ക് ബോധ്യപ്പെട്ടത്. തുടർന്ന് ബന്ധു മുഖേന ഇവർ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.