ലൈംഗികാതിക്രമക്കേസ്, സംവിധായകൻ ചിദംബരത്തിന് മുൻകൂർ ജാമ്യം

കൊച്ചി: ഫ്‌ളാറ്റിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ സംവിധായകൻ ചിദംബരം എസ്. പൊതുവാളിന് മുൻകൂർ ജാമ്യം. എറണാകുളം ടൗൺ സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം സെഷൻസ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണനാണ് ജാമ്യം അനുവദിച്ചത്. 2022 ൽ എളംകുളത്തെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശത്തോടെ മോശമായി പെരുമാറിയെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. ബിഎൻഎസ് 74, 75 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

പരാതി സംവിധായകന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നായിരുന്നു പ്രതിഭാഗം കോടതിയെ അറിയിച്ചത്. ആരോപണങ്ങൾ പൂർണമായും നിഷേധിച്ച ചിദംബരം, പരാതിക്കാരിയോട് തീർത്തും പ്രൊഫഷണൽ ബന്ധമേ പുലർത്തിയിട്ടുള്ളൂ എന്നും മുൻകൂർ ജാമ്യാപേക്ഷയിൽ ചിദംബരം കോടതിയെ അറിയിച്ചിരുന്നു. സൂപ്പർ ഹിറ്റ് സിനിമ മഞ്ഞുമ്മൽ ബോയ്സ്, ജാനേമൻ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ചിദംബരം.