തിരുവനന്തപുരം: പ്രസവശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോപണ വിധേയയായ ഡോക്ടറിനോടു നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ ഡോ. ബിന്ദു സുന്ദറിനോടാണ് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വിതുര ആനപ്പാറ മണലി റോഡരികത്ത് വീട്ടിൽ, എൻ.കെ.നിരഞ്ജന കൃഷ്ണന്റെയും (37) ബിനിൽ മനോഹറിന്റെയും പെൺകുഞ്ഞാണ് മരിച്ചത്. ഡോ. ബിന്ദുവിനെതിരെ നേരത്തേയും ഒട്ടേറെ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകിയത്. ആരോഗ്യ മന്ത്രിയുടെ നിർദേശപ്രകാരം സംഭവത്തിൽ അന്വേഷണം നടത്താൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് ജില്ലാ ആശുപത്രിയിലെത്തും.

അതേസമയം, പ്രസവ ശസ്ത്രക്രിയയ്ക്കിടെ മരിച്ച കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഗർഭിണിയുടെ ശസ്ത്രക്രിയ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നും ഇക്കാര്യത്തിൽ വിശദീകരണം പോലും നൽകാതെ ഡോക്ടർ സ്ഥലം വിട്ടുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്നും ബന്ധുക്കൾ പറഞ്ഞു. തിങ്കൾ രാവിലെ 10ന് ആണ് 9-ാം മാസത്തെ സ്കാൻ റിപ്പോർട്ട് കാണിക്കാൻ ഗൈനക്കോളജി വിഭാഗത്തിൽ നിരഞ്ജന കൃഷ്ണനും ഭർത്താവും എത്തിയത്. തുടർന്ന് പ്രസവത്തിനായി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഇന്നലെ പുലർച്ചെ 4.30ന് ലേബർ റൂമിൽ കയറ്റി. നിരഞ്ജനയ്ക്കൊപ്പം മാതാവ് നിർമലയും ലേബർ റൂമിൽ ഉണ്ടായിരുന്നു. രണ്ടുമണിയോടെ പ്രസവ ശസ്ത്രക്രിയ നടത്തിയെങ്കിലും പുറത്തെടുത്തയുടൻ കുഞ്ഞ് മരിക്കുകയായിരുന്നു. പ്രസവ ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ ജനനേന്ദ്രിയത്തിലൂടെ ശരീര വിസർജ്യം പുറത്തേക്കു പോകുന്നെന്ന പരാതിയിൽ ഡോ.ബിന്ദുവിനെതിരെ ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് നവജാതശിശുവിന്റെ മരണം. ഉച്ചയ്ക്ക് 12 വരെ പ്രസവം നടന്നില്ലെങ്കിൽ ശസ്ത്രക്രിയ ചെയ്യാമെന്ന് ഡോക്ടർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. തുടർന്ന് 2 മണിയായിട്ടും പ്രസവം ഉണ്ടായില്ല. തുടർന്ന് 2.20ന് ആംബുലൻസിൽ മറ്റൊരു കെട്ടിടത്തിലെ ശസ്ത്രക്രിയ തിയറ്ററിലേക്കു മാറ്റി. ഇവിടെ എത്തി 10 മിനിറ്റിൽ ശസ്ത്രക്രിയ കഴിഞ്ഞതിനു പന്നാലെ പിതാവ് ബിനിലിനെ വിളിപ്പിച്ചു. തുടർന്നാണ് വിവരം ബന്ധുക്കൾ അറിഞ്ഞത്. ഇതിനിടെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. ആശുപ്രതിയിൽനിന്ന് മടങ്ങിയ ശസ്ത്രക്രിയ ഡോക്ടറും ആർഎംഒയുമായ ബിന്ദു സുന്ദറിനെ പതിനൊന്നാംകല്ലിൽ കോൺഗസ് പ്രവർത്തകർ കാർ തടഞ്ഞു പൊലീസ് ജീപ്പിൽ തിരികെ ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ ആശുപത്രി സൂപ്രണ്ട് ഡോ.കെ.വി.സുമിയും എത്തി. ഇതിനിടെ എസ്ഡിപിഐ, ബി ജെപി പ്രവർത്തകരും സമരവുമായെത്തി.























