കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട കേസിൽ പ്രതി ജി സന്ദീപിന് ജീവ പര്യന്തം തടവ് ശിക്ഷ. ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊലപാതകത്തിന് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമെ, വധശ്രമത്തിന് 10 വർഷം കഠിന തടവ്, ആശുപത്രിയിൽ അതിക്രമം കാണിച്ച് ആരോഗ്യ പ്രവർത്തരെ ആക്രമിച്ചതിനും പത്ത് വർഷങ്ങൾ വീതവും കൊല്ലം സെഷൻസ് കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.

കൊലപാതകക്കേസിൽ പ്രതി ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി വെള്ളിയാഴ്ച വിധിച്ചിരുന്നു. 2023 മേയ് 10ന് പുലർച്ചെയാണ് വന്ദന മരിക്കുന്നത്. ചികിത്സയ്ക്കായി പൂയപ്പള്ളി പൊലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച സ്‌കൂൾ അധ്യാപകനായിരുന്ന വെളിയം ചെറുകരക്കോണം സ്വദേശി സന്ദീപ് (44) അക്രമാസക്തനായി ആശുപത്രിയിലെ സർജിക്കൽ കത്തി ഉപയോഗിച്ചു കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്. കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെയാണ് ഡോ.വന്ദന ദാസിനെ സന്ദീപ് ആക്രമിച്ചത്. സന്ദീപിന്റെ ആക്രമണത്തിൽ മൂന്നു പൊലീസുകാർ ഉൾപ്പെടെ അഞ്ചു പേർക്കു പരിക്കേറ്റിരുന്നു. കേസിൽ 70ൽ ഏറെ സാക്ഷികളെ വിസ്തരിച്ചു. 207 രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതിക്കെതിരെ പ്രോസിക്യൂഷൻ ആരോപിച്ച കുറ്റങ്ങളെല്ലാം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. പ്രതിക്ക് മാനസിക വൈകല്യം ഉണ്ടെന്ന വാദവും കോടതി തള്ളിയിരുന്നു.

























