‘പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പടെ പത്ത് പേരെ പീഡിപ്പിച്ചു’; രാഹുലിനെതിരെ പരാതിക്കാരി മുദ്രവച്ച കവർ കൈമാറി

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രധാന രേഖകൾ. കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട രേഖകൾ അഭിഭാഷകൻ മുഖേനെ സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയത്. ബുധനാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ സുപ്രീം കോടതി ഈ ഹർജി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, എൻകെ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ പരാതിക്കാരിയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പരാതിക്കാരിയുടെ അഭിഭാഷകൻ കെആർസുഭാഷ് ചന്ദ്രൻ മുദ്ര വെച്ച കവറിൽ ചില രേഖകൾ കോടതിക്ക് കൈമാറിയത്. എന്നാൽ മുദ്ര വെച്ച കവറിലെ രേഖകൾ എന്താണെന്ന് വ്യക്തമല്ല. മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ രാഹുൽ മാങ്കൂട്ടത്തലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പടെ പത്ത് പേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന പരാതി നിലവിൽ ഉണ്ടെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.