ക്ഷേത്രോത്സവത്തിൽ ഗാനമേളയ്ക്കിടെ ഗണഗീതം; സ്റ്റേജിൽ കയറി തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവർത്തകർ

കണ്ണൂർ: കണ്ണാടിപ്പറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രോത്സവത്തിൽ ആർഎസ്എസ് ഗണഗീതം. ഇന്നലെ രാത്രി ഗാനമേളക്കിടെയായിരുന്നു ഗണഗീതം പാടിയത്. തൃശ്ശൂരിൽ നിന്നുള്ള ഗാനമേള സംഘമാണ് ഗാനമേളക്കിടെയിൽ ഗണഗീതം പാടിയത്. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു.

ഗണഗീതം അവതരിപ്പിക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐ കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ പ്രവർത്തകർ സ്റ്റേജിൽ കയറി പ്രതിഷേധിക്കുകയായിരുന്നു. ‘പരമ പവിത്രമതാമീ മണ്ണിൽ ‘ എന്ന ഗണഗീതമാണ് പാടിയത്. ഗണഗീതം പകുതിയായപ്പോൾ ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്റ്റേജിൽ കയറി തടഞ്ഞു. തുടർന്ന് പാട്ട് പൂർത്തിയാക്കാതെ ഗായകസംഘം പാട്ട് അവസാനിപ്പിക്കുകയായിരുന്നു. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ചതെന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആരോപണം. ആർഎസ്എസ് അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്ന വർഗീയവാദികളുടെ ഇത്തരം ശ്രമങ്ങളെ തിരിച്ചറിയാൻ ജനം തയ്യാറാകണമെന്നും ശക്തമായ പ്രതിഷേധത്തിന് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ പറഞ്ഞു.